കൊച്ചി: സംസ്ഥാനത്ത് മഴ ശക്തം. കൊച്ചി , തൃശൂര്‍ നഗരങ്ങളില്‍ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പുലര്‍ച്ചെ മുതല്‍ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകള്‍ നിന്നു പെയ്തു. രാവിലെയാണ് മഴ അല്‍പ്പമെങ്കിലും മാറി നിന്നത്. എന്നാല്‍ ആകാശം മേഘാവൃതമായി തന്നെ നില്‍ക്കുകയാണ്. തൃശൂരിലെയും കൊച്ചിയിലെയും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
തൃശൂര്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് അരയ്‌ക്കൊപ്പം വരെയായി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. പലയിടത്തുംആള്‍ക്കാരെ രക്ഷാപ്രവര്‍ത്തകരെത്തി താമസസ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. കൊച്ചിയിലും നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. ചെറിയ ഇടവഴികളിലടക്കം വെള്ളം കയറിയിരിക്കുകയാണ്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.
കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചിയില്‍ പുലര്‍ച്ചെ രണ്ടു മണി മുതല്‍ പെയ്ത മഴ രാവിലെ ഏഴുമാണിയോടെയാണ് അവസാനിച്ചത്. മദ്ധ്യകേരളത്തില്‍ പെയ്യുന്ന കനത്ത മഴയില്‍ ഇടുക്കിയിലും കോട്ടയത്തും ശക്തമായ മഴയാണ്. മലങ്കരഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
Leave feedback about this