തിരുവനന്തപുരം: 2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് മുൻ സർക്കാരിൽ നിന്നും ലഭിച്ച സാമ്പത്തിക പാരമ്പര്യം കടുത്ത ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് പുതുതായി പുറത്തിറക്കിയ ‘കേരളത്തിന്റെ ധനകാര്യ സ്ഥിതി റിപ്പോർട്ട്’ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും, അടിയന്തരമായി കൊടുത്തുതീർക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്.
കേരളത്തിന്റെ ആകെ കടബാധ്യത 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ₹5.07 ലക്ഷം കോടിയായി കുതിച്ചുയർന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35.5 ശതമാനം വരും. സംസ്ഥാനത്തിന് ലഭിക്കുന്ന ആകെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, കടമെടുത്ത തുകയ്ക്കുള്ള പലിശ എന്നിവ നൽകാൻ മാത്രമായി ചെലവാകുന്നു എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. മറ്റ് സംസ്ഥാനങ്ങളിലെ ദേശീയ ശരാശരി 46.1 ശതമാനം ആയിരിക്കുമ്പോഴാണ് കേരളത്തിൽ ഇത് ഇത്രയും ഉയർന്ന നിരക്കിൽ നിൽക്കുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗവും ഇത്തരം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നതിനാൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള മൂലധന ചെലവ് ഗണ്യമായി കുറഞ്ഞു. കേരളത്തിന്റെ മൂലധന ചെലവ് GSDPയുടെ വെറും 1.3 ശതമാനം മാത്രമാണ്.
സംസ്ഥാനത്തിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ നടക്കുന്ന ട്രഷറി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം വരുമാനം തികയാതെ വരുമ്പോൾ റിസർവ് ബാങ്കിൽ നിന്നും എടുക്കുന്ന വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകളെയും ഓവർഡ്രാഫ്റ്റിനെയുമാണ് സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്നത്. 2025ൽ മാത്രം 262 ദിവസങ്ങളിൽ കേരളം വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകളിലും, 84 ദിവസങ്ങളിൽ ഓവർഡ്രാഫ്റ്റിലും ആയിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ കുടിശ്ശിക ഇനത്തിൽ മാത്രം അടിയന്തരമായി നൽകാനുള്ളത് ₹48,733 കോടിയാണ്. ഇതിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ/ഡിആർ കുടിശ്ശികകളായി നൽകാനുള്ള കോടികളും ഉൾപ്പെടുന്നു. ബാങ്കുകൾക്കും കരാറുകാർക്കും ബിൽ ഡിസ്കൗണ്ടിങ് വഴി നൽകാനുള്ള കുടിശ്ശികകളും ഇതിൽ വരും.

Leave feedback about this