മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവ തിരുമേനി കാലം ചെയ്തുവെന്ന വാർത്ത അത്യന്തം ദു:ഖത്തോടെയാണ് ഞാൻ അറിഞ്ഞത്. എളിമയും സ്നേഹവും കാര്യങ്ങൾ നടപ്പിലാക്കാനുള്ള ദീർഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഒരു തീരാനഷ്ടമാണ്.
ബാവ തിരുമേനിയുമായി വർഷങ്ങളുടെ സ്നേഹവും ആത്മബന്ധവുമാണ് എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിൻ്റെ എളിമയാർന്ന ജീവിതവും ആതിഥ്യമര്യാദയും സ്നേഹവും ഹൃദയസ്പർശിയായി പല അവസരങ്ങളിലും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹവുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും അറിവിൻ്റെ പുതിയ തലങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. ബാവാ തിരുമേനിയുടെ ശുപാർശ പ്രകാരം 2004 ൽ സഭയുടെ കമാൻഡർ പദവി ഏറ്റുവാങ്ങിയ അവസരമാണ് അദ്ദേഹവുമായി എനിക്കുണ്ടായ ഏറ്റവും ശ്രേഷ്ഠമായ ഒരു അനുഭവം.
യാക്കോബായ സുറിയാനി സഭയുടെ സർവോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കർമ്മനിരതനായ തിരുമേനിയുടെ നിര്യാണത്തിൽ സഭയ്ക്കും സഭാംഗങ്ങൾക്കുമുള്ള എൻ്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.