കൊച്ചി: മുനമ്പം സമരത്തിനൊപ്പം നിലയുറപ്പിച്ച് ബിജെപി. വഖഫ് ഭേദഗതി ബില്‍ പാസായ സാഹചര്യത്തില്‍ ബിജെപി പ്രദേശത്ത് കൂടുതല്‍ നീക്കങ്ങള്‍ സജീവമാക്കി. ഇന്ന് മുനമ്പത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സമരപന്തലില്‍ എത്തി. രാജീവിന് വലിയ സ്വീകരണമാണ് സമരകേന്ദ്രത്തില്‍ ലഭിച്ചത്. ബിജെപി അദ്ധ്യക്ഷനെ ആര്‍പ്പുവിളികളോടെ മുനമ്പം ജനത വരവേറ്റു. ലോക്‌സഭയിലും രാജ്യസഭയിലും വഖ്ഫ് ഭേദഗതി ബില്‍ പാസായതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി അദ്ധ്യക്ഷന് മുനമ്പത്തെ ജനങ്ങള്‍ സ്വീകരണമൊരുക്കിയത്.
രാജീവ് ചന്ദ്രശേഖറിനൊപ്പം മറ്റ് എന്‍ഡിഎ നേതാക്കളും മുനമ്പത്തെത്തി. സമരം നടത്തുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കളായ ഷോണ്‍ ജോര്‍ജ്, പികെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങി നിരവധി നേതാക്കളും രാജീവ് ചന്ദ്രശേഖറിനൊപ്പം അണിനിരന്നു. ബിജെപിയില്‍ അംഗത്വമെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച മുനമ്പത്തെ 50 പേര്‍ക്ക് സംസ്ഥാന അദ്ധ്യക്ഷന്‍ നേരിട്ട് അംഗത്വം വിതരണം ചെയ്തു. പാര്‍ട്ടിയില്‍ ചേര്‍ന്ന ഓരോരുത്തരെയും ഷോളണിയിച്ച് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപി മുനമ്പത്ത് ശക്തമായി നിലയുറപ്പിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം അടക്കം സമരമതിയുമായി ആലോചിച്ചാകും തീരുമാനം. അതേസമയം വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായതോടെ മുനമ്പത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന ബിജെപി അവകാശവാദത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സമരസമിതി. ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ആയുധമാക്കി യുഡിഎഫും സിപിഎമ്മും ബിജെപി വാദം തള്ളി. ബില്ലിനെ അനുകൂലിക്കണമെന്ന ആവശ്യം എം.പിമാര്‍ അംഗീകരിക്കാത്തതില്‍ വേദനയെന്ന് കെ.സി.ബിസിയും പ്രതികരിച്ചു.
വഖഫ് ബില്‍ രാജ്യസഭയും കടന്നതോടെ മുനമ്പത്ത് ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അഹ്ലാദം ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും അനുകൂലമായി സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു. ലോക്സഭയിലും രാജ്യസഭയിലും വഖഫ് ബില്ലിനെ അനുകൂലിച്ചവരുടെയും എതിര്‍ത്തവരുടെയും പേരുകള്‍ സമര പന്തലില്‍ കെട്ടിതൂക്കിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ചിത്രത്തിന് താഴ് ‘താങ്ക്യൂയു സര്‍’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എംപിമാരെ തിരിച്ചറിയുന്ന രീതിയിലാണ് സമരപന്തലില്‍ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമരപന്തല്‍ സന്ദര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ക്ക് വലിയ വരവേല്‍പ്പ് നല്‍കാനാണ് സമരസമിതിയുടെ തീരുമാനം. സമരത്തിന്റെ 174-ാം ദിവസമാണ്. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ രാജ്യസഭയും കടന്നത്.വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. ലോക്‌സഭയ്ക്ക് പുറമെ രാജ്യസഭയും ബില്‍ പാസാക്കിയതോടെ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.
Leave feedback about this