loginkerala breaking-news ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി
breaking-news

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ ക്യാമ്പയ്നുമായി ബന്ധപ്പെട്ട് ചേര്‍ന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിലും സര്‍വ്വകക്ഷിയോഗത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലാംഘട്ട ക്യാമ്പയിൻ വിപുലമായ ജനപങ്കാളിത്തത്തോടെ പൂർണ്ണമായും ജനകീയ പ്രവർത്തനമായി മാറ്റിയെടുക്കേണ്ടതുണ്ട്. നാടാകെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർക്കുന്ന നില സംജാതമാകണം. ഏപ്രില്‍,മെയ് മാസങ്ങളില്‍ ക്യാമ്പയ്നിനുള്ള ഒരുക്കങ്ങള്‍ നടത്തണം. ജൂണ്‍ മാസംതൊട്ട് വിപുലമായ ക്യാമ്പയ്നിലേക്ക് പോകേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ളതാവണം ക്യാമ്പയ്ന്‍ എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സിന്തറ്റിക്ക് ലഹരി പദാർത്ഥങ്ങളുടെ കടത്തും ഉപഭോഗവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സിന്തറ്റിക് ലഹരിവസ്തുക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും കേരളത്തിലെത്തുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലഹരി ഉപഭോഗവും വിതരണവും വ്യാപകമാകുന്നതിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളും യുവാക്കളുമാണ് ലഹരി പദാർത്ഥങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രൈമറി ക്ലാസു മുതൽ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട് എന്നതാണ് അനുഭവം.

മാധ്യമ വാർത്തകൾ ലഹരി വ്യാപനത്തിനെതിരായ ബഹുജന പ്രതിരോധം ഊർജ്ജിതമാക്കാൻ സഹായിക്കുന്നുണ്ട്. കേരളത്തിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ 94 വ്യക്തികളെ അറസ്റ്റ് ചെയ്തു. 34 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് 2024 ൽ 27,578 കേസുകൾ രജിസ്റ്റർ ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. 2025 ൽ മാർച്ച് 31 വരെ 12,760 കേസുകൾ രജിസ്റ്റർ ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകൾ പിടിച്ചു.

എക്സൈസ് സേനയും ശക്തമായ പ്രതിരോധം ഉയർത്തുകയാണ്. 2025 മാർച്ച് മാസത്തിൽ മാത്രം ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്നുള്ളതുൾപ്പെടെ 13,639 റെയ്ഡുകൾ നടത്തി. മയക്കുമരുന്ന് കേസിൽ 1,316 പേരെ അറസ്റ്റ് ചെയ്തു. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി.

ലഹരി ഉപഭോഗവും വ്യാപനവും തടയുന്നതിനൊപ്പം കുട്ടികളിലും യുവതയിലും വർദ്ധിച്ചുവരുന്ന അക്രമോത്സുകതയെ ശാസ്ത്രീയമായി അഭിമുഖീകരിക്കുന്നതിനും വിപുലമായ ക്യാമ്പയിൻ പ്രവർത്തനം നടത്തണമെന്നാണ് സർക്കാർ കണ്ടിട്ടുള്ളത്. ഈ ഉദ്ദേശ്യത്തോടെ 2025 മാർച്ച് 24, ഏപ്രിൽ 9 തീയതികളിലായി ഉന്നതതല യോഗം ചേർന്നു. വിദഗ്ദ്ധരടങ്ങുന്ന ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ട്. തിങ്ക് ടാങ്കിന്റെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ കരട് പ്ലാൻ ഓഫ് ആക്ഷൻ അവതരിപ്പിക്കുന്നതിനും വിശദമായ ചർച്ചയ്ക്കുമായി 2025 മാർച്ച് 30 ന് ശില്പശാല നടത്തി. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഈ ശില്പശാലയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചും പരിശോധിച്ചും വിപുലമായ പ്രവർത്തന രൂപരേഖ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത-സാമുദായിക സംഘടനകൾക്കും പണ്ഡിതർക്കും ഈ രംഗത്ത് മികച്ച ഇടപെടലുകൾ നടത്താൻ സാധിക്കും. പൊതുവിൽ ഇത്തരം കാര്യങ്ങളോട് അനുഭാവപൂർണ്ണമായ സമീപനവും ലഹരിവിരുദ്ധ കാഴ്ചപ്പാടും പുലർത്തുന്നവരാണ് എല്ലാ മത-സാമുദായിക വിഭാഗങ്ങളും. ഏതെങ്കിലും മതമോ ജാതിയോ ലഹരി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നില സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ വിഭാഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലർത്താൻ അവരവരുടെ അനുഭാവികളോട് അഭ്യർത്ഥിക്കേണ്ടതുണ്ട്. വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒത്തുകൂടുന്ന സവിശേഷ ദിവസങ്ങൾ, അവസരങ്ങൾ എന്നിവയിൽ ലഹരിവിരുദ്ധ സന്ദേശം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നാവും.

Exit mobile version