തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവിയെ നിയമിക്കുന്നതിൽ പാർട്ടിക്ക് പ്രത്യേക താൽപര്യമില്ലെന്നും സർക്കാർ തീരുമാനം അംഗീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതിനോട് പ്രതികരിക്കുകയായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി.
പൊലീസിന്റെ മേധാവിഎന്ന നിലയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ളയാളെയാണ് നിയമിച്ചത്. കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽനിന്ന് റവാഡ ചന്ദ്രശേഖറിനെ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പത്മനാഭൻ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കേസിൽ വന്നതുകൊണ്ട് ശിക്ഷിക്കപ്പെടമെന്നില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ഹക്കീം ബത്തേരിയാണ് വെടിവയ്പ്പിനും ലാത്തിചാർജിനും നേതൃത്വം നൽകിയതെന്ന് കോടതിയിൽ തന്നെ വ്യക്തമാക്കിയതാണ്. വെടിവയ്പ്പിനു രണ്ട് ദിവസം മുൻപാണ് ഐപിഎസ് ട്രെയിനിങ് പൂർത്തിയാക്കി റവാഡ ചന്ദ്രശേഖർ എത്തിയത്. അദ്ദേഹത്തിന് ഈ വിഷയത്തിൽ മുൻപരിചയമോ സ്ഥലത്തെക്കുറിച്ചുള്ള അറിവോ ഉണ്ടായിരുന്നില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തിൽ പി.ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. മറ്റു രണ്ട് പേരുകൾ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.