തൃപ്രയാർ: പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിൽ നടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ പൂരത്തിൽ പങ്കെടുക്കാൻ രാജകീയ പ്രൗഢിയോടെ യാത്രയായി. ബുധനാഴ്ച വൈകീട്ട് അത്താഴപൂജയും ശീവേലിയും കഴിഞ്ഞ് പള്ളിയോടത്തിൽ പുഴകടന്ന് എത്തിയ തേവരെ മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ്റെ പുറത്ത് തേവർ എഴുന്നള്ളിയപ്പോൾ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മംഗളവാദ്യത്തോടെ എഴുന്നള്ളിയ തേവർക്ക് വഴി നീളേ രാജകീയ സ്വീകരണം ലഭിച്ചു.

നിറപറകളും നിലവിളക്കുകളും നിറദീപങ്ങളുമായുള്ള തേവരുടെ എഴുന്നള്ളിപ്പ് ചിറക്കൽ സെൻ്ററിൽ എത്തിയപ്പോൾ മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന മാല ചാർത്തി യാത്ര തുടർന്നു. മീനാട് കേശു തേവരുടെ സ്വർണ്ണക്കോലം വഹിച്ചു. പല്ലിശ്ശേരി സെൻ്ററിൽ വീണ്ടും ആന മാറി ദേവസ്വം ചന്ദ്രശേഖരൻ്റെ പുറത്തേക്ക് കോലം മാറ്റി. ഇവിടെ നിന്ന് അഞ്ച് ആനകളോടെയുള്ള പഞ്ചവാദ്യത്തോടെ തേവർ ആറാട്ടുപുഴയിലേക്ക് എഴുന്നള്ളി. പൂരം കഴിഞ്ഞ് മടങ്ങുമ്പോൾ ചിറക്കൽ വെണ്ടറശ്ശേരി ക്ഷേത്ര ക്ഷേത്രത്തിൽ കഞ്ഞിയും പുഴുക്കും കടുമാങ്ങയും നൽകും.