തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ പീഡനക്കേസിൽ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ച് തിരുവനന്തപുരം സിജെഎം കോടതി. കൂടാതെ തുടർ നടപടികളെല്ലാം തന്നെ കോടതി അവസാനിപ്പിച്ചു. ഉമ്മൻ ചാണ്ടി മരണപ്പെട്ടതിനാലാണ് അങ്ങനെ ഒരു നടപടി. അതെസമയം കോടതി റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ്സ ഹർജിയും കോടതി തള്ളി.
ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നതായിരുന്നു പരാതിക്കാരിയുടെ ആരോപണം എന്നാൽ പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ഒന്നായിരുന്നു സോളാർ പീഡന കേസ്. എന്നാൽ അതേ കേസിൽ തന്നെയാണ് സിബിഐ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ പ്രധാനയുധമായ സോളാര്‍ വിവാദമാണ് ഇപ്പോൾ അപ്രസക്തമായിരിക്കുന്നത്