archive Politics

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷ്യന്‍സ് കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് കുഴല്‍നാടന്‍ ആരോപിച്ചു.

 ഇതുവരെ വീണാ വിജയന്‍ കരിമണല്‍ കമ്പനിയില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നും  മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആരോപിച്ചു

44 ലക്ഷം രൂപയുടെ നഷ്ടം 2015- 16 ല്‍ വീണയുടെ കമ്പനിക്ക് ഉണ്ടായി. ആ സമയം കര്‍ത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് 25 ലക്ഷം രൂപ നല്‍കി. തുടര്‍ന്നിത് 36 ലക്ഷം ആക്കി. 2014 മുതല്‍ വീണ വിജയന്‍ നടത്തിയ കമ്പനിയില്‍ 63 ലക്ഷത്തിലേറെ രൂപ നഷ്ടം വന്നു എന്നാണ് ഔദ്യോഗിക രേഖകള്‍.

കമ്പനി നിലനിര്‍ത്താന്‍ 78 ലക്ഷത്തോളം രൂപ വീണ സ്വന്തം പണം കമ്പനിയില്‍ നിക്ഷേപിച്ചു എന്നാണ് രേഖകള്‍. 2017, 18, 19 കാലഘട്ടത്തില്‍ 1.72 കോടി അല്ലാതെ 42,48000 രൂപയും സി എം ആര്‍ എല്‍ വീണയുടെ കമ്പനിക്ക് ലഭിച്ചു. ഇതു കൂടാതെ 36 ലക്ഷം രൂപ കര്‍ത്തയുടെ ഭാര്യയുടെ കമ്പനിയില്‍ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ചു.

1.72 ലക്ഷം രൂപ കമ്പനികള്‍ തമ്മിലുള്ള കരാറിന്റെ പേരില്‍ ആണ് വീണയുടെ കമ്പനി വാങ്ങിയതെങ്കില്‍ ഇതിനുള്ള ജിഎസ്ടി നികുതി വീണയുടെ കമ്പനി ഒടുക്കിയിരുന്നോ എന്ന് സി പി എം വ്യക്തമാക്കണം. 6 ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചത്. 30 ലക്ഷത്തോളം രൂപ ജിഎസ്ടി ഒടുക്കേണ്ടിടത്താണ് ഇത്.

ഈ വിഷയം പരാതിയായി ധനമന്ത്രിക്ക് ഇമെയിലില്‍ താന്‍ ഇപ്പോള്‍ നല്‍കുകയാണ്. ഒന്നുകില്‍ വീണ മാസപ്പടി വാങ്ങിയെന്ന് അംഗീകരിക്കണം. ഇല്ലെങ്കില്‍ നികുതി വെട്ടിച്ചത് മാത്യു കുഴല്‍ നാടനല്ല വീണയാണെന്ന് സമ്മതിക്കണമെന്നും കുഴല്‍നാടന്‍ പറഞ്ഞു 

ഒരു കുടുംബത്തിന്റെ കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. വീണയുടെ കമ്പനി വിദേശ നാണ്യം വാങ്ങിയതായി രേഖകള്‍ ഉണ്ട്. എന്നാല്‍ വിദേശത്ത് എന്ത് സേവനമാണ് നല്‍കിയത് എന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. 

വീണയുടെ കമ്പനിയില്‍ നടന്നത് പൊളിറ്റിക്കല്‍ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജന്‍സിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എം.വി.ഗോവിന്ദന്‍ മാറി.സി പി എമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.

താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞു.