മസ്കത്ത്: ഒമാനിൽ ഒട്ടകവുമായി കൂട്ടിയിടിച്ചു രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. ദോഫാർ ഗവർണറേറ്റിലെ മഖ്‌ഷാനിലെ വിലായത്തിൽ ആണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ദോഫാറിൽ വിലായത്തിലെ ഉൾപ്രദേശത്താണ് മഖ്‌ഷാൻ എന്ന ഈ സ്ഥലമുള്ളത്. ഒട്ടകങ്ങൾ കൂട്ടമായി സഞ്ചരിക്കുന്ന പ്രദേശമാണ് ഇവിടെ. അത് കൊണ്ട് തന്നെ കൂടുതൽ വിനോദ സഞ്ചാരികൾ ഒട്ടകങ്ങളെ കാണാനായി ഇവിടെ എത്താറുണ്ട്. ഈ പ്രദേശത്തെ ഒട്ടകങ്ങൾ സ്ഥിരമായി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കാറുണ്ടെന്നും അത് വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെയുള്ളവർക്ക് ഭീഷണി ആകുന്നു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതാണോ അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല