തിരുവനന്തപുരം: മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീജിത് (23), അഭിരാജ് (20), അഭിറാം (23), അശ്വിന്‍ ദേവന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺസുഹൃത്തുമായുള്ള അടുപ്പമുണ്ടായതിനെ തുടർന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്താനായി തട്ടികൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോയത്.കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മണിക്കൂറുകൾക്കകം കുട്ടിയെ കണ്ടെത്തി. കാർ പിന്തുടർന്നെത്തിയ പോലീസ് കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ വെച്ചാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയും കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾ പറയുന്നു. രാവിലെ കൊണ്ടുപോയ അഷിഖിനെ വൈകുന്നേരമാണ് വിട്ടയച്ചത്.
