ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭ.ഭ.ബ’യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നു. ചിത്രീകരണത്തിൽ ജോയിൻ ചെയ്ത മോഹൻലാലിന്റെ ലുക്ക് സംവിധായകൻ ധനഞ്ജയ് ശങ്കർ പങ്കുവെച്ചിട്ടുണ്ട്. മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും അഭിനയിക്കുന്നു. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. അരുൺ മോഹൻ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങും നിർവ്വഹിക്കുന്നു.