പുതുപ്പള്ളിയില്‍ മത്സരചിത്രം തെളിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തില്‍ ചൂടേറിയ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മുന്നണികള്‍.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ലിജിന്‍ ലാല്‍, 2014 മുതല്‍ ബി.ജെ.പി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും അദ്ദേഹം മത്സരിച്ചിരുന്നു. കഴിഞ്ഞ 53 വര്‍ഷം പുതുപ്പള്ളിയില്‍ ഉണ്ടാകാത്ത വികസനം ബിജെപി കൊണ്ടുവരുമെന്ന് ലിജിന്‍ ലാല്‍ പ്രതികരിച്ചു. ജനങ്ങളുടെ പിന്തുണ ബിജെപിക്കുണ്ട്
മുന്‍ ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിയുടെ പേരാണ് ബിജെപി സംസ്ഥാന നേതൃത്വം ആദ്യം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ മത്സരിക്കാന്‍ അദ്ദേഹം തയ്യാറല്ല എന്ന് അറിയിച്ചതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് നിര്‍ദേശിച്ചത്. മണ്ഡലം ഭാരവാഹി മഞ്ജു പ്രദീപ്,
ബിജെപി നിയോജക മണ്ഡലം സെക്രട്ടറി സോബിന്‍ ലാല്‍ എന്നിവരും കേന്ദ്രത്തിന് അയച്ച പട്ടികയില്‍ ഉണ്ടായിരുന്നു.
അതേസമയം മണ്ഡലത്തില്‍ മുന്നണികള്‍ പ്രചാരണം ശക്തമാക്കി കഴിഞ്ഞു. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും ഇന്ന് ഭവന സന്ദര്‍ശനം നടത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 24ന് പുതുപ്പള്ളിയില്‍ എത്തും. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.