archive Politics

പിണറായിയും താനും രണ്ടു ശരീരവും ഒരു മനസ്സുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയനും താനും രണ്ട് ശരീരങ്ങളാണെങ്കിലും ചിന്ത കൊണ്ട് ഒന്നാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വൈക്കം സത്യഗ്രഹ സമരശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി.
മലയാളത്തിലായിരുന്നു എം.കെ സ്റ്റാലിന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ദ്രാവിഡ ഭാഷ കുടുംബത്തില്‍പ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി. വൈക്കത്ത് വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അതിന് നന്ദി പറയുന്നതായും എം.കെ. സ്റ്റാലിന്‍ പറഞ്ഞു. 
രാജ്യത്തെ സോഷ്യലിസ്റ്റ് പോരാട്ടങ്ങള്‍ വിജയിക്കട്ടേയെന്ന് സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തിന് വഴികാട്ടിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹം. രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹം. ഇന്ത്യയിലെമ്പാടുമുണ്ടായ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായത് വൈക്കം സത്യഗ്രഹമാണ്. തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും സ്റ്റാലിന്‍ പറഞ്ഞു.
വൈക്കം സത്യാഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സറ്റാലിനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഇരുവരും വൈക്കത്തെ പെരിയാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. മഹാത്മാഗാന്ധി, ടി.കെ.മാധവന്‍, മന്നത്ത് പദ്മനാഭന്‍ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍, ആമചാടി തേവന്‍, രാമന്‍ ഇളയത് എന്നീ സത്യാഗ്രഹികളുടെ സ്മൃതിമണ്ഡപങ്ങളിലും ഇരു മുഖ്യമന്തി മാരും പുഷ്പാര്‍ച്ചന നടത്തി. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.