loginkerala breaking-news പാലോട് മധ്യവയസ്കൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം; സംസ്ഥാനത്ത് വന്യജീവി ആക്രമണം വ്യാപകം
breaking-news Kerala

പാലോട് മധ്യവയസ്കൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം; സംസ്ഥാനത്ത് വന്യജീവി ആക്രമണം വ്യാപകം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാലോട് 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം. പാലോട് മാടത്തറ പുലിക്കോട് ചതുപ്പിൽ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രി ആറുമണിയോടെയാണ് ഇയാളുടെ മൃതദേഹം പരിസരവാസികൾ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്പിലെ ബന്ധുവീട്ടിൽ പോയശേഷം ബാബുവിനെക്കുറിച്ച് വിവരമില്ലായിരുന്നു.

തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ബന്ധുവീട്ടിൽ ബാബു എത്തിയില്ലെന്ന് വ്യക്തമായി. തുടർന്ന് ഇന്നലെ വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തൂപ്പുഴ വനംപരിധിയിൽ കാട്ടുപാതയ്ക്ക് സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം കണ്ടത്. പിന്നീട് നീർച്ചാലിന് സമീപത്തായി ബാബുവിന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചത്.

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മാനുവെന്ന യുവാവും ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന സ്ത്രീയും കൊല്ലപ്പെട്ട സംഭവങ്ങൾക്കിടെയാണ് തിരുവനന്തപുരത്തും കാട്ടാന ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടമായിരിക്കുന്നത്.

Exit mobile version