തിരുവനന്തപുരം: പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡിൽ അടിപ്പാത നിർമിക്കാൻ അനുമതിയായെന്ന വി.ജോയി എംഎൽഎയുടെ പ്രസ്താവന പരിഹാസ്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
അടിപ്പാത നിർമിക്കുമെന്ന് ജൂൺ മാസം തന്നെ ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിരുന്നു. ജൂൺ 17 ന് മുക്കട, പാരിപ്പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച് പ്രദേശവാസികളുമായും ശിവഗിരി മഠത്തിലെ സ്വാമിമാരുമായും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി അന്ന് തന്നെ അത് പ്രഖ്യാപിച്ചതാണെന്നും
കേന്ദ്രമന്ത്രി വിശദീകരിച്ചു.
പ്രാദേശിക പ്രശ്നത്തിൽ പരിഹാരം കാണാതെ കേന്ദ്ര സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാൻ ഗൂഢാലോചന നടത്തിയവരാണ് എംപിയും എംഎൽഎയും. ശിവഗിരി മഠവും കേന്ദ്രസർക്കാരും തമ്മിലുള്ള ബന്ധത്തിന് തുരങ്കം വയ്ക്കാനാണ് ഇവർ ശ്രമിച്ചത്.
ശിവഗിരി തീർഥാടനത്തിന് കോട്ടം ഉണ്ടാക്കുന്ന ഒരു നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് സ്ഥലം സന്ദർശിച്ച് ഉറപ്പ് നൽകിയിരുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.
പാതയുടെ അലൈന്‍മെന്‍റ് ശിവഗിരി തീര്‍ഥാടകര്‍ക്കടക്കം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസിലാക്കിയിട്ടും അനങ്ങാതിരുന്നവരാണ് ഇപ്പോള്‍ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി.
പൊതുജനത്തിന്‍റെ അഭിപ്രായങ്ങളും പരാതികളും കേള്‍ക്കാന്‍ സാഹചര്യമുണ്ടായിരുന്നിട്ടും സ്ഥലം എംപിയോ എംഎല്‍എയോ ഇതിന് തയാറായിരുന്നില്ല. പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ നിരത്തിലിറക്കാനാണ് ജനപ്രതിനിധികള്‍ ശ്രമിച്ചതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.