കോട്ടയം :∙ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരണവുമായി മുൻ എംഎൽഎയും ഭർത്താവുമായ കെ.എസ്. ശബരീനാഥൻ. സമൂഹമാധ്യമങ്ങളിൽ ദിവ്യയ്ക്കും ശബരിക്കുമെതിരെ സൈബർ ആക്രമണം നടക്കുന്നതിനിടെയാണു വിശദീകരണം.
എന്റെ അഭിപ്രായത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കു വിശിഷ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകൾ നിർമിച്ചിരിക്കുന്നത് എക്സിക്യൂട്ടീവിന്റെ സുഗമമായ പ്രവർത്തനത്തിനാണ്. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു.
സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നവർ ആകുമ്പോൾ ജനങ്ങൾ നമ്മളെ സൂക്ഷ്മമായി വീക്ഷിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഈ പോസ്റ്റ് വിവാദമായത്. മറ്റൊരു ഉദ്യോഗസ്ഥയായിരുന്നെങ്കിൽ ഒരുപക്ഷേ, ആരും മൈൻഡ് ചെയ്യില്ലായിരുന്നു. ഈ വിഷയം മാത്രമല്ല, നാളെ എന്നെക്കുറിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ രാഷ്ട്രീയമായി വിമർശിച്ചുകൊണ്ടോ പുകഴ്ത്തിയോ എഴുതുന്നതും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം’’ – ശബരീനാഥൻ പറഞ്ഞു.
Leave feedback about this