തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശം. പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ സമരത്തിനു പിന്നാലെയാണ് മന്ത്രി വീണ്ടും മറുപടി പറഞ്ഞത്. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് താൻ പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്കും പോയിരുന്നു. ആ സംഭവം വിവാദമായി എന്നും ഗണേഷ് പറഞ്ഞു.
തമാശ പറഞ്ഞാൽ ചിലർ അതു വൈരാഗ്യബുദ്ധിയോടെ കാണുന്നു. കുഞ്ചൻനമ്പ്യാർ നേരത്തേ മരിച്ചതു നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടിവന്നേനെ. കേരളത്തിന്റെ ഐശ്വര്യമാണ് മതനിരപേക്ഷതയെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും, വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനു മറുപടിയായി ഗണേഷ് പറഞ്ഞു.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട മുൻ അനുഭവം വെളിപ്പെടുത്തി ആയിരുന്നു ഗണേഷ് കുമാർ നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചത്. ‘‘കമ്മിഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ കാറിനു പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി. വർഷങ്ങൾക്ക് മുൻപ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാർ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നൽ വയ്ക്കാറുണ്ട്. അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിൽ കുറെക്കാലം എസ്‍പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നിൽ വച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ’’ – എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം.