കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടത്. ഷെെനിന്റെ പിതാവ് തൃശൂർ മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സിപി ചാക്കോ മരിക്കുകയും അമ്മ മറിയം കാർമൽ, സഹോദരൻ ജോ ജോൺ ചാക്കോ, മാനേജർ അനീഷ് എന്നിവർക്ക് പരിക്കേൽക്കുകും ചെയ്തിരുന്നു.
ഷൈനിന്റെ ഇടതുകൈയ്ക്ക് ഒടിവുണ്ട്. സേലം- ബംഗളൂരു ദേശീയപാതയിൽ ധർമ്മപുരി ജില്ലയിലെ ഹാെഗനക്കൽ പാലക്കോട്ട് പറയൂരിൽ ഇന്നലെ പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. കിയ കാർണിവൽ കാർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാലക്കോട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കാറിൽ കയറിയത് മുതൽ എന്തൊക്കെ തമാശകൾ പറഞ്ഞ് ഇരിക്കുവയായിരുന്നുവെന്നും ഇടയ്ക്ക താൻ ഉറങ്ങിപ്പോയിയെന്നും ഷെെൻ പ്രതികരിച്ചു. ‘തൃശൂരിൽ നിന്ന് കയറിയത് മുതൽ എന്തൊക്കെ തമാശ ഡാഡി പറഞ്ഞു. പാലക്കാട്ട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്‌ക്കൊന്ന് ഞാൻ ഉറങ്ങിപ്പോയി. അപ്പോഴേക്ക് ഡാഡി പോയി. ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ചിന്ത. എപ്പോഴുമെന്നോടും ഓരോന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലേ കാണേണ്ടി വരുന്നത്’ – ഷെെൻ മാദ്ധ്യമങ്ങളോട് പറഞ്ഞു