ചെറുതോണി ∙ ഗൾഫ് രാജ്യങ്ങളിലേക്കു കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കയറ്റി അയയ്ക്കുന്ന സംഘത്തിലെ പ്രധാനി കണ്ണൂർ മാട്ടൂൽ സ്വദേശി കെ.പി.റഷീദിനെ (30) ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2019 മുതൽ വിദേശത്തായിരുന്ന റഷീദിനെ കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ ഇടുക്കി ക്രൈംബ്രാഞ്ച് സിഐ ഇ.എസ്.സാംസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു വീസയും ടിക്കറ്റും എടുത്തുകൊടുത്തശേഷം കഞ്ചാവും ലഹരിവസ്തുക്കളും കടത്തുന്ന രീതിയായിരുന്നു സംഘത്തിന്റേതെന്നു പൊലീസ് പറഞ്ഞു. കൂട്ടുകാർക്കു ചിപ്സും വസ്ത്രങ്ങളും കൊടുക്കണമെന്ന വ്യാജേന വിമാനത്താവളത്തിൽ വച്ചു കഞ്ചാവും ലഹരിവസ്തുക്കളും കൈമാറുന്നതായിരുന്നു രീതി.ചെറുതോണി സ്വദേശി അഖിലിനെ സമാനമായി പറ്റിച്ച് കഞ്ചാവ് കടത്തിയിരുന്നു. ചതിയിൽ പെട്ട അഖിൽ അഞ്ച് വർഷം ഗൾഫിലെ ജയിലിലും കിടന്നു. അഖിലിന്റെ ബന്ധുക്കൾ നൽകിയ പരാതിക്ക് പിന്നാലെയാണ് അറസ്റ്റ്.