എമ്പുരാൻ’ സിനിമ മോശമായ സ്വാധീനമാണ് സമൂഹത്തിലേക്കു നൽകുന്നതെന്ന് നടിയും ബിജെപി പ്രവർത്തകയുമായ സോണിയ മൽഹാർ. സിനിമയിൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കാണെന്നും ഇതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നും നടി ചോദിക്കുന്നു. മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് ചിലപ്പോൾ എവിടെങ്കിലുമൊക്കെ പിഴയ്ക്കും, അതാണ് ‘എമ്പുരാനിലും’ സംഭവിച്ചതെന്നും സോണിയ മൽഹാർ പറയുന്നു.
‘‘ലോക രാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70 വർഷം ഭരിച്ച കോൺഗ്രസ്‍ സർക്കാർ പല കാര്യങ്ങളും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യൽമീഡിയയോ ഡിജിറ്റൽ യുഗമോ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നമ്മൾ പലതും വിശ്വസിച്ചു. ഏതോ ഗർഭിണിയുടെ വയറ്റിൽ ശൂലം കുത്തി കുഞ്ഞിനെ എടുക്കുന്ന സംഭവം ചെറുപ്പം മുതലേ നമ്മൾ കേൾക്കുന്നതാണ്. അപ്പോഴൊക്കെ ഞാനും വിചാരിച്ചിരുന്നു, ഇത്ര ഭീകരവാദികളാണല്ലോ ഈ ആർഎസ്എസ്, ബിജെപി എന്നൊക്കെ.
കഴിഞ്ഞ ഒൻപത് വർഷം ഇതുമായി ബന്ധപ്പെട്ട് റിസർച്ച് ചെയ്തു. പലതും പഠിച്ചു, പല സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. പാർട്ടിയെക്കുറിച്ച് പഠിച്ചു. ഈ പറയുന്നതൊന്നുമല്ല വാസ്തവം. യാഥാർഥ്യം വേറെയാണ്. അതുകൊണ്ട് ബിജെപിയുടെ ഭാഗമാകാൻ തീരുമാനിച്ചത്.