കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പട്ടികയില്‍ അതൃപ്തിയുള്ളവരെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവായി മാത്രം ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയോട് നേരിട്ട് സംസാരിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കോണ്‍ഗ്രസിന്റെ അടുക്കള കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ പരിഹരിക്കും. അതില്‍ മറ്റാരും ഇടപെടേണ്ടയെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിന് ഒപ്പവും ചെന്നിത്തല ഉറച്ചു നില്‍ക്കുമെന്നും വി.ഡി സതീശനും പറഞ്ഞു.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍, ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ദേശീയ നേതാക്കളും വിഷയത്തില്‍ ഇടപെടുന്നുണ്ട്. പരസ്യ വിവാദം ഒഴിവാക്കണമെന്ന് നേതാക്കളോട് എഐസിസിയും നിര്‍ദേശിച്ചിട്ടുണ്ട്.
പരസ്യമായി രംഗത്തെത്തിയില്ലെങ്കില്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയില്‍ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ട്. ഇപ്പോഴുള്ളത് 19 വര്‍ഷം മുന്‍പുള്ള സ്ഥാനമാണെന്നും പ്രമോഷന്‍ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി.
രണ്ട് വര്‍ഷമായി പദവികളില്ലെന്നും ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.പരസ്യ പ്രതികരണത്തിനില്ലെന്നും തന്റെ വികാരം പാര്‍ട്ടിയെ അറിയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.
എഐസിസി പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കൂടുതല്‍ സ്ഥാനങ്ങളില്‍ ഇരുന്നയാളാണ് രമേശ് ചെന്നിത്തല. എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തലയുടെ പ്രവര്‍ത്തക സമിതി അംഗത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അതൃപ്തിയുണ്ടാക്കേണ്ടതില്ലെന്നും സതീശന്‍ കോട്ടയത്ത് പറഞ്ഞു.
അതൃപ്തിയുളള നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സംസാരിക്കും. പ്രവര്‍ത്തക സമിതിയില്‍ പകുതി 50 വയസിന് താഴെയുള്ളവര്‍ ആകണമെന്ന ശുപാര്‍ശ ഇപ്പോള്‍ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം ആവശ്യമുണ്ടോയെന്നതില്‍ ചര്‍ച്ച നടത്താനും എഐസിസി തീരുമാനമുണ്ട്