loginkerala breaking-news കാസര്‍ഗോഡ് കാണാതായ 15 വയസുകാരിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി
breaking-news Kerala

കാസര്‍ഗോഡ് കാണാതായ 15 വയസുകാരിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍ഗോഡ്: കാസര്‍ഗോഡ് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതിന് സമീപത്തുനിന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തി. ഇതേ ദിവസം തന്നെയായിരുന്നു പ്രദേശവാസിയായ 42കാരനേയും കാണാതായത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവര്‍ക്കും വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇന്ന് നാട്ടുകാരെ ഉള്‍പ്പെടുത്തി പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version