കൊച്ചി: പ്രമുഖ സ്പോർട്സ് കമന്റേറ്ററായ ഷൈജു ദാമോദരന് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം. കമന്ററി വിഭാഗത്തിൽ പ്രത്യേക ജൂറി പുരസ്‌കാരമാണ് ഷൈജുവിന് ലഭിച്ചിരിക്കുന്നത്. ദേശീയവും അന്താരാഷ്ട്രവുമായ നിരവധി കായിക വേദികളിൽ മലയാളത്തിലെ ശബ്ദമാണ് ഷൈജു ദാമോദരൻ. സ്പോർട്സ് ആങ്കർ , പ്രസന്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 22 വർഷത്തിലേറെ കായിക മാധ്യമപ്രവർത്തനം പരിചയവുമുണ്ട്. ചരിത്രത്തിലെ ആദ്യ വേൾഡ് കപ്പ് ഫുട്ബോൾ മലയാളം ലൈവ് ടിവി കമൻന്ററി ചെയ്തത് ഷൈജു ദാമോദരൻ ആയിരുന്നു. ശബ്ദവും ശൈലിയും കൊണ്ട് മലയാളി കായികപ്രേമികളുടെ ഇഷ്ടപ്പെട്ട കമന്റേറ്ററായി മാറിയ ആളാണ് ഷൈജു ദാമോദരൻ.
ഫിഫ വേൾഡ് കപ്പ്, യൂറോ കപ്പ്, കോപ്പാ അമേരിക്ക, ഏഷ്യൻ കപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്,ഐ.സി.സി ക്രിക്കറ്റ്ലോകകപ്പ്, പ്രോ കബഡി, ഐ.പി.എൽ ക്രിക്കറ്റ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി, സൂപ്പർലീഗ് കേരള, നെഹ്റു ട്രോഫി ബോട്ട് റേസ്, ചാമ്പ്യൻസ് ബോട്ട് ലീഗ് എന്നി മേഖലകളിലെല്ലാം കമന്റേറ്ററായി ഷൈജു പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന് സ്പോർട്ട്സ് ജേർണലിസ്റ്റായ ഷൈജു 1995 മുതൽ 2015 വരെ മാതൃഭൂമി പത്രാധിപസമിതി അംഗമായിരുന്നു. 20 ലേറെ മലയാള ചലച്ചിത്രങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്.
