ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടം നേടി ഇന്ത്യ. ഫൈനിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇതോടെ ചാന്പ്യൻസ് ടോഫിയിൽ ഇന്ത്യയുടെ കിരീടങ്ങളുടെ എണ്ണം മൂന്നായി. 2002ലും 2013ലും ഇന്ത്യ ചാന്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു.
ഫൈനലിൽ ന്യൂസിലൻഡ് ഉയർത്തിയ 252 വിജയലക്ഷ്യം ഒരോവർ ശേഷിക്കെ ഇന്ത്യ മറികടന്നു.നായകൻ രോഹിത് ശർമയുടേയും ശ്രേയസ് അയ്യരുടേയും കെ.എൽ രാഹുലിന്റെയും ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.
76 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 48 റൺസും കെ.എൽ രാഹുൽ 34 റൺസും എടുത്തു.
31 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 29 റൺസെടുത്ത അക്സർ പട്ടേലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നറും മൈക്കൽ ബ്രെയ്സ്വെല്ലും രണ്ട് വിക്കറ്റ് വീതം എടുത്തു. രച്ചിൻ രവീന്ദ്രയും കൈൽ ജാമീസണും ഓരോ വിക്കറ്റ് വീതവും എടുത്തു.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്ലെന്‍ ഫിലിപ്സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഗില്ലിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്നര്‍ക്കായിരുന്നു വിക്കറ്റ്.
കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്വെല്ലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. രചിന് രവീന്ദ്രയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ രോഹിത് പരാജയപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ.