കൊച്ചി: നടന്ന കാര്യങ്ങൾ തന്നെയാണ് എമ്പുരാൻ സിനിമയിൽ ഉള്ളതെന്ന് മുതിർന്ന നടി ഷീല. റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാർക്കറ്റിങ് എന്നും നടി വ്യക്തമാക്കി. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ഷീല.
മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ. വേറെ ചിന്തയില്ലാതെ പൃഥിരാജ് എടുത്ത സിനിമയാണ് എമ്പുരാൻ. ആളുകൾ പറയുംതോറും സിനിമക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല ചൂണ്ടിക്കാട്ടി.
വിവാദങ്ങൾക്കിടെ എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഭാഗങ്ങളിലെ രണ്ട് മിനിറ്റ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള രംഗങ്ങൾക്കാണ് റീ എഡിറ്റിങ്ങിൽ കട്ട് വീണിരിക്കുന്നത്.
ആദ്യ ദിവസം തന്നെ 67 കോടി രൂപ കലക്ഷനുമായി സിനിമ റെക്കോഡ് നേടിയിരുന്നു. ഈ വർഷം ഇന്ത്യയിൽ ഒരു ദിവസം ഏറ്റവും വലിയ ഓപ്പണിങ് കലക്ഷൻ നേടുന്ന സിനിമയെന്ന റെക്കോഡാണ് എമ്പുരാൻ സ്വന്തമാക്കിയത്. മലയാള സിനിമയുടെ കലക്ഷൻ റെക്കോഡുകളാണ് എമ്പുരാൻ തിരുത്തിക്കുറിച്ചത്. മാത്രമല്ല, റിലീസ് ചെയ്ത് 48 മണിക്കൂറിനകം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു.
മാർച്ച് 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. അഞ്ചുദിവസം കൊണ്ട് സിനിമ 200 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു.റീ എഡിറ്റഡ് പതിപ്പിനും ആളുണ്ടെന്നാണ് തിയേറ്ററിൽ നിന്നുള്ള പ്രതികരണം. ചിത്രം റിലീസായി ആറാം ദിനത്തിലേക്ക് എത്തുമ്പോള്‍ 79.15 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നു മാത്രം ബോക്‌സ് ഓഫിസില്‍ നേടിയിരിക്കുന്നത്.
Leave feedback about this