എമ്പുരാന്റെ പുതിയ പതിപ്പിൽ വെട്ടുന്നത് 17 ഭാഗങ്ങളല്ല, 24 ഭാഗങ്ങൾ. റി എഡിറ്റഡ് സെൻസർ രേഖ പുറത്ത്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം ‘ബൽദേവ്’ എന്നാക്കി മാറ്റി. നന്ദി കാർഡിൽനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.
വ്യാപകമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സിനിമയുടെ റി എഡിറ്റഡ് പതിപ്പ് പുറത്തിറക്കുന്നത്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നു പോകുന്ന സീൻ, പ്രധാന വില്ലൻ കഥാപാത്രവും സഹ വില്ലൻ കഥാപാത്രവുമായുള്ള സംഭാഷണം എന്നിവ ഒഴിവാക്കി. സിനിമയിൽ എൻഐഎയെ കുറിച്ചുള്ള പരാമർശം മ്യൂട്ട് ചെയ്യുകയും കാറിലെ ബോർഡ് ഒഴിവാക്കുകയും ചെയ്തു.
കൂടാതെ സിനിമയുടെ തുടക്ക ഭാഗത്തിൽ കാണിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമ സീനുകളും മൃതദേഹത്തിന്റെയും സംഘർഷത്തിന്റെയും ദൃശ്യങ്ങൾ ഒഴിവാക്കി. അതോടൊപ്പം തന്നെ തുടക്കത്തിൽ പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയും അദ്ദേഹത്തിന്റെ പിതാവുമായുള്ള സംഭാഷണത്തിലും വെട്ടുണ്ട്. നടൻ നന്ദുവിന്റെ മന്ത്രി കഥാപാത്രത്തിന്റെ ചില പരാമർശങ്ങളും ഒഴിവാക്കയിട്ടുണ്ട്.