ലോഗിൻ കേരള പ്രതിനിധി
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസക്കഥകൾ ഇറക്കി മന്ത്രി കെബി ഗണേഷ് കുമാർ വീണ്ടും രംഗത്തെത്തിയതോടെ പ്രശ്നത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം നിന്ന് പിന്തുണ അറിയിക്കാൻ സുരേഷ് ഗോപി ആരാധകരും രംഗത്ത്. കേരളത്തിൽ സുരേഷ് ഗോപി ഫാൻസ് ഔദ്യോഗികമായി തന്നെ പ്രതികരിച്ച് രംഗത്തെത്തിക്കഴിഞ്ഞു. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സിനിമയുമായി കൂട്ടിക്കുഴയ്ക്കാത്ത ഫാൻസ് പ്രശ്നത്തിൽ താരത്തിനൊപ്പം തന്നെ നിൽക്കാനാണ് തീരുമാനം. വയ്യാത്ത കുഞ്ഞിന് എന്താനാണ് തൊപ്പിയെന്നും ലേലത്തിൽ വെക്കേണ്ടതായിരുന്നുവെന്നുമാണ് കെബി ഗണേഷ് കുമാറിന്റെ പരിഹാസം എത്തിയത്. നിരന്തരം കേന്ദ്രമന്ത്രിയും മലയാള സൂപ്പർതാരവുമായ സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ നടത്തുന്ന അധിക്ഷേപങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റുമുട്ടൽ തുടരുകയാണ്. മന്ത്രിക്കെതിരായ സംഘടിതമായ ആക്രമണങ്ങളെ ചെറുക്കാൻ ബി.ജെ.പിയും സോഷ്യൽ മീഡിയിൽ കളം നിറഞ്ഞു.
കമ്മീഷണർ സിനിമയ്‌ക്ക് ശേഷം അതിലെ തൊപ്പി സുരേഷ് ഗോപി കൊണ്ടുനടന്നുവെന്നും കാറിന്റെ പിൻവശത്ത് സ്ഥിരമായി കാണാറുണ്ടെന്നും പറഞ്ഞ് ഗണേഷ് കുമാർ നേരത്തെ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ ആ തൊപ്പി എവിടെയെന്ന ചോദ്യം സോഷ്യൽമീഡിയയിൽ ഉയർന്നു. സുരേഷ് ഗോപി നൽകിയ പഴയകാല അഭിമുഖത്തിൽ ആ തൊപ്പിയെക്കുറിച്ച് സംസാരിക്കുന്ന ക്ലിപ്പുകൾ ഇതിനിടെ വൈറലാവുകയും ചെയ്തു. രണ്ടാനമ്മയുടേയും അച്ഛന്റെയും ക്രൂരമർദ്ദനത്തിന് ഇരയായ ഷെഫീഖ് എന്ന കുഞ്ഞിന് 2014ൽ ആ തൊപ്പി കൈമാറിയെന്ന് സുരേഷ് ഗോപി പറയുന്ന പഴയവീഡിയോയാണ് വൈറലായത്.
ഇതോടെ ഗണേഷ് കുമാർ വീണ്ടും എയറിലായി. തൊപ്പിക്കഥയുമായി വന്ന ഗണേഷിനെതിരെ ബിജെപി കടുത്ത പ്രതിഷേധമാർച്ച് നടത്തി. സോളാർകേസ് പ്രതിയായ സ്ത്രീയുടെ ചിത്രം വച്ച തൊപ്പി കാണിച്ചുകൊണ്ട് മന്ത്രി ഗണേഷിന് പ്രതിഷേധക്കാർ മറുപടി നൽകിയത്. സുരേഷ് ഗോപി കാറിന്റെ പിൻസീറ്റിൽ വച്ചത് കമ്മീഷണർ തൊപ്പിയാണെങ്കിൽ ഗണേഷ് കുമാർ കാറിന്റെ പിന്നിൽ ഒളിപ്പിച്ചത് മറ്റുപലതുമാണെന്നായിരുന്നു വിമർശനം.
സംഭവത്തിന് പിന്നാലെ ജാള്യത മറയ്‌ക്കാൻ വീണ്ടും പുതിയ പരാമർശവുമായി എത്തുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ. “കമ്മീഷണർ തൊപ്പി കൈവശമുണ്ടായിരുന്നെന്ന് സമ്മതിച്ചല്ലോ.. അതുമതി. ഒരാൾ കാണിച്ച അൽപ്പത്തരമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. തൊപ്പി പിന്നെ അവിടെ കൊടുത്തു, ഇവിടെ കൊടുത്തു എന്ന് പറയുന്നതിലൊന്നും കാര്യമില്ല. എന്താനാണ് വയ്യാത്ത കുട്ടിക്ക് തൊപ്പി? പണ്ട് സിൽക്ക് സ്മിത കടിച്ച ആപ്പിൾ തമിഴ്നാട്ടിൽ ലേലത്തിന് വച്ചപ്പോൾ അത് വലിയ തുകയ്‌ക്ക് വിറ്റുപോയെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഈ തൊപ്പിയും വെക്കരുതായിരുന്നോ..” – ജാള്യത നിറഞ്ഞ ചിരിയോടെ ഗണേഷ് കുമാർ പ്രതികരിച്ചത്. അതേ സമയം നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള ഗണേഷ് കുമാർ സൂപ്പർ താരം കൂടിയായ സുരേഷ് ഗോപിയെ അധിക്ഷേപിച്ചതോടെ സുരേഷ് ഗോപി ഫാൻസും രംഗത്തെത്തിയിട്ടുണ്ട്. ഗണേഷ് കുമാറിന്റെ പ്രസ്തവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള മറുപടിയും മന്ത്രി ഗണേഷ് കുമാറിനെതിരെ നടക്കുന്നുണ്ട്.
ഗതാഗത മന്ത്രിയുടെ അധിക്ഷേപ വാക്കുകൾക്കെതിരെ പ്രതിഷേധിച്ച് പത്തനാപുരത്തേ മന്ത്രി വസതിയിലേക്ക് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രതിഷേധ മാർച്ചും നടത്തി. ഇതോടെ ഗണേഷ് കുമാറിനെതിരെ മുൻപ് നിലനിന്ന പല കേസുകളും എടുത്തുയർത്തി ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തി. ഭാര്യയുടെ മർദനത്തിൽ ഗണേഷ് കുമാറിന് ഗുരുതര പരിക്കേറ്റ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. സ്വത്തിന് വേണ്ടിയുള്ള ഗണേഷ് കുമാറിന്റെ കുടുംബവഴക്കും ഇതേ സമയം തലപൊക്കി രംഗത്തെത്തി. സാധാരണക്കാരും നിലാരംബരുമായ ഒരുപാട് പേർക്ക് ഇപ്പോഴും തന്റെ കയ്യിൽ നിന്ന് പണം ചിലവാക്കി സേവനം ചെയ്യുന്ന സുരേഷ് ഗോപിയെ മന്ത്രി ഗണേഷ് കുമാർ പരിഹസിക്കാൻ എന്താണ് അർഹതയെന്നും ചോദ്യമുയരുന്നത്. അതേ സമയം വിവാദങ്ങളിൽ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയാണ് സുരേഷ് ഗോപി സഞ്ചരിക്കുന്നത്. പാർലമെന്റിലെ ജോൺബ്രിട്ടാസിന്റെ പ്രകോപന പരമായ പ്രസംഗത്തിന് ചുട്ടമറുപടിയായിരുന്നു സുരേഷ് ഗോപി നൽകിയത്. ഇതോടെ മന്ത്രി എത്തുന്നിടത്തെല്ലാം കൈരളി ചാനൽ പ്രോപ്പഗണ്ട ചോദ്യങ്ങളുമായി എത്തി. നിരന്തരം വ്യക്തിഅധിക്ഷേപം നടത്തിയ റിപ്പോർട്ടറുടെ ചോദ്യത്തിന് അതേഭാഷയിൽ തന്നെ സുരേഷ് ഗോപി മറുപടി നൽകുകയായിരുന്നു. ഇതോടെ മാധ്യമങ്ങളെ തന്നിൽ നിന്ന് ഒഴിവാക്കാൻ സുരേഷ് ഗോപി തീരുമാനമെടുത്തത്.
Leave feedback about this