പാലക്കാട് : നെന്മാറയില്‍ ഇരട്ടക്കൊലപാതകം നടത്തിയ സൈക്കോ പാത്ത് പ്രതി ചെന്താമരയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേര്‍ അടങ്ങുന്ന നാലുടീമുകള്‍ പരിശോധന നടത്തും. പോത്തുണ്ടി, നെല്ലിയാമ്പതി, മലയടിവാരങ്ങളിലും തെരച്ചില്‍ വ്യാപിപ്പിക്കും. സെഹോദരനുമായി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തറവാട് വീടിന് സമീപത്തെ കുളത്തില്‍ തിരച്ചില്‍ നടത്താനൊരുങ്ങുകയാണ് പോലീസ്. സൈക്കോ പാത്ത് രീതിയിലുള്ള കൊലപാതകമാണ് ചെന്താമര മൂന്ന് കൊലകളിലൂടെ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ സുഝാകരന്റെ മകളെ ലക്ഷ്യം വെക്കുമോ എന്ന സംശയത്തിലാണ് പൊലീസ്
ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാവും തിരച്ചില്‍ നടത്തുക. ജലാശയങ്ങളില്‍ പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തില്‍ ചാടിയെന്ന സംശയത്തിലാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയത്. വീട്ടില്‍ നിന്നും പകുതി വിഷം കണ്ടെടുത്തിരുന്നു. തറവാട് വീടിന് സമീപത്തെ കുളത്തില്‍ തിരച്ചില്‍ നടത്തും. പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ എത്തി നിന്നത് കുളത്തിനടുത്താണ്.
ഇതേ തുടര്‍ന്നാണ് കുളത്തില്‍ തിരച്ചില്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനം എടുത്തിരിക്കുന്നത്. ജലാശയങ്ങളില്‍ തെരച്ചിലിന് മുങ്ങല്‍ വിദഗ്ധരുടേയും വനത്തിനുള്ളില്‍ ഡ്രോണിന്റെയും സഹായം പൊലീസ് തേടി. കൃത്യത്തിനുശേഷം പ്രതി ഒളിവില്‍ പോയെന്ന് കരുതുന്ന വനത്തിനുള്ളില്‍ ഇന്നും വ്യാപക തിരച്ചില്‍ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
2019 ലെ കൊലപാതകത്തിന് സമാനമായ രീതിയില്‍ വിശന്നാല്‍ ഭക്ഷണത്തിനായി ഒളിവ് വിട്ട് പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്‌നാട്ടില്‍ നിന്ന് മടങ്ങി. തിരുപ്പൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.