loginkerala archive ജാതിമതഭേദമന്യേ കൊച്ചി ലുലു മാളില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
archive news

ജാതിമതഭേദമന്യേ കൊച്ചി ലുലു മാളില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

കൊച്ചി : കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ലുലു. വിവിധയിടങ്ങില്‍ നിന്നുള്ള നിരവധി കുരുന്നുകള്‍ കൊച്ചി ലുലുമാളില്‍ ആദ്യാക്ഷരം കുറിച്ചു. വിദ്യാരംഭത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് കൊച്ചി ലുലു മാളില്‍ തയാറാക്കിയിരുന്നത്. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ലുലു മാളിലെ മെയിന്‍ ഏട്രിയത്തില്‍ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയത്. രാവിലെ ഒമ്പത് മണി മുതല്‍ ലുലു മാളിലെ മെയിന്‍ ഏട്രിയത്തില്‍ വിദ്യാരംഭ ചടങ്ങ് തുടങ്ങി . പ്രൗഢഗംഭീര ചടങ്ങില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികള്‍ക്കെല്ലാം പ്രത്യേകം സമ്മാനങ്ങളും നല്‍കി.

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ മേജര്‍ രവി, നിഫ്റ്റ് ഡയറക്ടര്‍ കേണല്‍ അഖില്‍ കുല്‍ക്ഷേത്ര, നടന്‍ ശ്രീകാന്ത് മുരളി, നര്‍ത്തകി സോഫിയ സുദീപ്, എഴുത്തുകാരന്‍ അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രതീഷ് വേഗ തുടങ്ങിയ പ്രമുഖരാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്. കൂടാതെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പേരും ചടങ്ങില്‍ സാന്നിദ്ധ്യമേകി. ജാതി മത ചിന്തകള്‍ക്ക് അതീതമായി ഭാരതീയ സംസ്‌കാരം ഉയര്‍ത്തിപിടിക്കുന്ന മാതൃകാപരമായ ചടങ്ങാണ് ലുലുവില്‍ നടന്നതെന്ന് സംവിധായകനും നടനുമായ മേജര്‍ രവി അഭിപ്രായപ്പെട്ടു.

ലുലു ഇന്ത്യ മീഡിയാ ഹെഡ് എന്‍.ബി സ്വരാജ് , കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാസ് എന്നിവരും ചടങ്ങില്‍ ഭാഗമായി.

 

Exit mobile version