കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്. യാസിറിന്റെ വൈദ്യപരിശോധന ഫലത്തിലാണ് ഇയാൾ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും സ്വബോധത്തിലാണ് പ്രതി കൃത്യം നടത്തിയതെന്നുമാണ് റിപ്പോർട്ട്.
കക്കാട് നാക്കിലമ്പാട് ഷിബില (24)യാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തടയാൻ ശ്രമിക്കുന്നതിനിടെ ഷിബിലയുടെ ബാപ്പ അബ്ദുറഹ്മാനും ഉമ്മ ഹസീനയ്ക്കും കുത്തേറ്റു. ചൊവ്വാഴ്ച രാത്രി ഏഴോടെ ഷിബിലയുടെ ഈങ്ങാപ്പുഴയിലെ വീട്ടിലാണ് സംഭവം.
യാസിർ ലഹരി ഉപയോഗിച്ച് മർദിക്കുന്നതായി പറഞ്ഞ് ഷിബില ഒരുമാസമായി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. ഇതിനെചൊല്ലി ഇയാൾ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച യാസിർ വീട്ടിലെത്തി ഷിബിലയെ ആക്രമിച്ചത്. മകളെ ആക്രമിക്കുന്നത് തടയുന്നതിനിടയിലാണ് അബ്ദുറഹ്മാനും ഹസീനയ്ക്കും കുത്തേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മൂന്നുപേരെയും താമരശേരി താലൂക്ക് ആശൂപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഷിബില മരിച്ചിരുന്നു. പിന്നീട് അബ്ദുറഹ്മാനെയും ഹസീനയെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിനും കൈയ്ക്കും കുത്തേറ്റ അബ്ദുറഹ്മാന്റെ നില ഗുരുതരമാണ്. ഷിബിലയ്ക്കും യാസിറിനും ഒരു മകളുണ്ട്. രാത്രി പന്ത്രണ്ടരയോടെ തന്നെ പ്രതിയെ കസ്‌റ്റഡിയിലെടുത്തിരുന്നു.
Leave feedback about this