തിരുവനന്തപുരം: കോണ്‍ഗ്രസിനു വേണ്ടെങ്കില്‍ തനിക്കു വേറേ വഴിയുണ്ടെന്ന ശശി തരൂരിന്റെ പ്രതികരണത്തിലുള്ളത്, വേണ്ടിവന്നാല്‍ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമെന്ന സൂചന. പാര്‍ട്ടി മാറുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നു പറയുന്ന തരൂര്‍, മറ്റ് വഴികളായി ചൂണ്ടിക്കാട്ടുന്നത് എഴുത്തും പ്രസംഗവുമാണ്. തിരുവനന്തപുരം എം.പി. സ്ഥാനം എപ്പോള്‍ വേണമെങ്കിലും രാജിവച്ചേക്കുമെന്ന സൂചന കൂടിയാണു തരൂര്‍ നല്‍കുന്നത്. സംസ്ഥാനത്തു പാര്‍ട്ടിയെ നയിക്കാനുള്ള താത്പര്യം തരൂരിന്റെ അഭിമുഖത്തിലുണ്ടെങ്കിലും ഹൈക്കമാന്‍ഡ് അതിനു വഴങ്ങാന്‍ സാധ്യത കുറവാണ്. പാര്‍ട്ടി വിട്ടാലും സി.പി.എമ്മിലോ ബി.ജെ.പിയിലോ ചേരാതെ, കേരളവികസനത്തിനായി നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന പ്രതിഛായ സൃഷ്ടിക്കാനാകും തരൂരിന്റെ ശ്രമം. ആ പ്രതിഛായയുമായി തരൂര്‍ കോണ്‍ഗ്രസ് വിട്ടാല്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നു സി.പി.എം. കരുതുന്നു.
ബി.ജെ.പിയും തരൂരിന്റെ നീക്കങ്ങള്‍ സാകൂതം വീക്ഷിക്കുന്നു. വിദേശകാര്യത്തില്‍ മോദി സര്‍ക്കാരിനു തരൂര്‍ നല്‍കുന്ന പിന്തുണ പലപ്പോഴും ദേശീയശ്രദ്ധയാകര്‍ഷിച്ചിരുന്നു. തരൂര്‍ എം.പി. സ്ഥാനം രാജിവച്ചാല്‍ തിരുവനന്തപുരം മണ്ഡലം പിടിച്ചെടുക്കാമെന്നു ബി.ജെ.പി. പ്രതീക്ഷിക്കുന്നു. തരൂരിന്റെ ജനസമ്മതി മൂലമാണു തിരുവനന്തപുരം കിട്ടാക്കനിയായി തുടരുന്നതെന്ന വിലയിരുത്തല്‍ ബി.ജെ.പി. ദേശീയനേതൃത്വത്തിനുമുണ്ട്.
Leave feedback about this