എമ്പുരാൻ’ സിനിമക്ക് വേണ്ടി സൂപ്പർസ്റ്റാർ മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തി പൃഥിരാജ് സുകുമാരൻ. മോഹൻലാലിനു പുറമെ ഹോളിവുഡ് താരങ്ങളായ ജെറോം ഫ്ലിൻ ഉൾപ്പടെയുള്ളവർ ചിത്രത്തിനു വേണ്ടി നിലകൊണ്ടുവെന്നും താരം പറഞ്ഞു.
“മോഹൻലാൽ സർ ഈ സിനിമയ്ക്കായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അതുകൊണ്ടാണ് ഈ സിനിമ സാധ്യമായത്. ‘എമ്പുരാന്’ വേണ്ടി ചിലവഴിക്കാൻ കഴിയുന്ന ഫണ്ട് അതിന്റെ നിർമാണത്തിന് വേണ്ടി തന്നെ ചിലവഴിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു സിനിമ നിർമിക്കാൻ 100 കോടി ചെലവഴിച്ചിട്ട് അതിൽ 80 കോടിയും താരങ്ങളുടെ പ്രതിഫലം കൊടുത്ത് ബാക്കി 20 കോടിയിൽ സിനിമ നിർമിക്കുന്ന ആളല്ല ഞാൻ.
ഞങ്ങൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ഞങ്ങൾക്കെല്ലാം, അതായത് അഭിനേതാക്കൾ, ടെക്നീഷ്യൻമാർ, എല്ലാവർക്കും പൂർണ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് എത്രത്തോളം മികച്ചതാക്കാൻ പറ്റും എന്നാണ് ഞങ്ങൾ ചിന്തിച്ചത്. വിദേശ അഭിനേതാക്കളായ ജെറോം ഫ്ലിൻ, ആൻഡ്രിയ തുടങ്ങിയവരും ഞങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ അന്തസത്ത മനസ്സിലാക്കിയിരുന്നു, അവരും ഒരു ‘ഉപകാരം’ എന്ന നിലയിലാണ് വന്നു അഭിനയിച്ചു പോയത്,’ പൃഥ്വിരാജ് പറഞ്ഞു.
വമ്പൻ ഹൈപ്പിലെത്തുന്ന ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്‌സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, സുഭാസ്ക്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്‌ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.