archive lk-special

അഭയമന്ദിരത്തിലെ അച്ഛനമ്മമാര്‍ക്ക് സ്‌നേഹവേദിയൊരുക്കി കൊച്ചി ലുലു മാള്‍; കവിതയും നാടന്‍പാട്ടും നാടകവും കളിച്ചിരിയുമായി അതിഥികള്‍

കൊച്ചി : ഹൃദ്യമായ സ്‌നേഹസംഗമത്തിന് സാക്ഷ്യം വഹിച്ച് ലുലു മാള്‍. കോട്ടയം ബേക്കറി ജംഗ്ഷനിലെ സ്‌നേഹക്കൂട് അഭയമന്ദിരത്തിലെ അറുപതോളം അച്ഛനമ്മമാരാണ് കളിച്ചിരിയുമായി ലുലു മാളില്‍ ഒത്തുകൂടിയത്. കവിതയും പാട്ടും നാടകവും നാടന്‍പാട്ടുമെല്ലാമായി രണ്ട് മണിക്കൂര്‍ ഉത്സവപ്രതീതിയാണ് ലുലുവില്‍ ഒരുങ്ങിയത്.

സ്വന്തം മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട സ്‌നേഹക്കൂട് അഭയമന്ദിരത്തിലെ അച്ഛനമ്മമാരാണ് സ്‌നേഹയാത്രയുടെ ഭാഗമായി കൊച്ചി ലുലുവിലെത്തിയത്. മാളിലെ ജീവനക്കാര്‍ ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പാണ് ഇവര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് മാള്‍ സെന്‍ട്രല്‍ ഏട്രിയത്തില്‍ ഒരുക്കിയ വേദിയില്‍ അച്ഛനമ്മമാര്‍ക്ക് കലാപ്രകടനങ്ങള്‍ നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. നാടന്‍പാട്ടും നാടകവും കവിതയുമെല്ലാമായി സദസ് ആഘോഷത്തിലായി. പുതിയ തലമുറ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതിനെതിരായ സന്ദേശം വിളിച്ചോതുന്ന ഡിവൈഎസ്പി സുബാഷ് കുമാറിന്റെ കവിതയായ അമ്മയുടെ ദൃശ്യാവിഷ്‌കാരം അച്ഛനമ്മമാര്‍ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

സ്‌നേഹക്കൂട് അഭയമന്ദിരത്തില്‍ വച്ച് ആഴ്ചകളോളം റിഹേഴ്ല്‍ ചെയ്ത് പഠിച്ചാണ് ലുലുവിലെത്തി മികച്ച രീതിയില്‍ ഇവര്‍ അവതരിപ്പിച്ചത്. സദസ്സിന്റെ മുഴുവന്‍ കയ്യടി നേടി ഹൃദയം കവര്‍ന്നു ഈ അച്ഛനമ്മമാര്‍. കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരത്തില്‍ നിന്ന് ആദ്യം കണിച്ചുകുളങ്ങര ക്ഷേത്രത്തിലും അര്‍ത്തുങ്കല്‍ പള്ളിയിലുമെത്തി പ്രാര്‍ത്ഥിച്ച് തുടര്‍ന്ന് മെട്രോയിലാണ് ഇവര്‍ ലുലു മാളിലെത്തിയത്. സ്‌നേഹസംഗമത്തിന് വേദിയൊരുക്കിയ എം.എ യൂസഫലിക്ക് സ്‌നേഹക്കൂട്ടിലെ അച്ഛനമ്മമാര്‍ നന്ദി അറിയിച്ചു. ലുലു മാള്‍ ചുറ്റികണ്ട് ഭക്ഷണവും കഴിച്ച ശേഷമാണ് അച്ഛനമ്മമാര്‍ മടങ്ങിയത്.

തിരക്കഥാകൃത്ത് അഭിലാഷ് പിള്ള , നടന്‍ വിഷ്ണു വിനയന്‍, വ്‌ലോഗ്ഗര്‍ ഡോ. ബാഷിദ് ബഷീര്‍, സ്‌നേഹക്കൂട് മാനേജിങ്ങ് ട്രസ്റ്റി നിഷ സ്‌നേഹക്കൂട് സെക്രട്ടറി അനുരാജ് ബി.കെ എന്നിവരും ചടങ്ങില്‍ ഭാഗമാവുകയും പ്രഭാഷണം നടത്തുകയും ചെയ്തു