തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. മൂന്ന് തവണ വെടിവെച്ച ശേഷമാണ് ലക്ഷ്യം കണ്ടത്. ആനയ്ക്കായുള്ള ചികിത്സ ആരംഭിച്ചു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ കൂട്ടത്തില്‍ നിന്ന് മാറ്റിയ ശേഷമാണ് മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ ആന വന മേഖലയിലേക്ക് നീങ്ങുകയാണ്. ദൗത്യ സംഘം ആനയെ പിന്തുടരുന്നുണ്ട്.
രണ്ട് ദിവസമായി തെരഞ്ഞുനടന്ന കാട്ടാനയെ ഇന്ന് രാവിലെയാണ് കാട്ടാനക്കൂട്ടത്തിനൊപ്പം കണ്ടെത്തിയത്. മൂന്ന് ആനകള്‍ക്കൊപ്പമായിരുന്നു മുറിവേറ്റ കാട്ടാന. ആന മയങ്ങി കഴിഞ്ഞാല്‍ ചികിത്സ ആരംഭിക്കും. മെറ്റല്‍ ഡിക്ടറ്റര്‍ വരെ ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്യും. ഡോക്ടര്‍മാര്‍ ആനക്കൊപ്പമുണ്ട്. ഇല്ലിക്കാടിന് സമീപമെത്തിയപ്പോഴാണ് ആന മയങ്ങിയത്. കുംകിയാനയുടെ പുറത്തിരുന്ന് ചികിത്സ നടത്താനായിരുന്ന ആദ്യ തീരുമാനം. പിന്നീട് വാഹനത്തിന്റെ പുറത്തിരുന്ന് ചികിത്സിക്കാന്‍ തീരുമാനിച്ചത്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സിക്കുന്നത്.
മസ്തകത്തില്‍ എങ്ങനെയാണ് മുറിവേറ്റത് എന്നതില്‍ വ്യക്തതയില്ല.ആനയുടെ മസ്തകത്തിലെ മുറിവ് എങ്ങനെയുണ്ടായി എന്ന് കണ്ടെത്തും. മുന്‍ഭാഗത്തെ എയര്‍സെല്ലുകള്‍ക്ക് അണുബാധയേറ്റെന്ന് വനം വകുപ്പ് പറയുന്നു. ഏതെങ്കിലും തരത്തിലുള്ള മെറ്റല്‍ മസ്തകത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കും. ഇതിനായി മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ച് പരിശോധിക്കും.