തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്രക്കമ്മിറ്റിയും നന്ദഗോവിന്ദം ഭജൻസും. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കാറുണ്ടെന്നും ഈ പരിപാടിയും അത്തരത്തിൽ സംഘടിപ്പിച്ചതാണെന്നും നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് ഒരു വലിയ അപരാധമാണെന്ന് തങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു. ‘ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ’ -ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
