ആലപ്പുഴ: പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച വി എസിന്റെ മൃതദേഹം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. പ്രിയ നേതാവിനെ കാണാൻ ആയിരങ്ങളാണ് ജന്മഗൃഹത്തിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം മുഴക്കി വഴിയരികിൽ ജനങ്ങളുടെ നീണ്ട നിരയാണ് വി എസിനായി കാത്തുനില്‍ക്കുന്നത്. ജില്ല കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷം ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് മാറ്റും.
രാവിലെ ഏഴോടെയാണ് വി എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് വിലാപയാത്ര പ്രവേശിച്ചത്. ചൊവ്വ ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരത്തുനിന്ന് വിലാപ യാത്ര ആരംഭിച്ചെങ്കിലും രാത്രി വൈകി ഒന്നോടെയാണ് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കാനായത്. നിശ്ചയിച്ചിരുന്നതിലും ഏറെ അധികം ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി വാഹനം നിർത്തി. കനത്ത മഴയെ അവഗണിച്ച് പാതിരാവിലും കുട്ടികളും വയോധികരും അടക്കമുള്ള ജനാവലി വി എസിനായി വഴിയരികിൽ കാത്തുനിന്നിരുന്നു. വി എസ് ഏൽപ്പിച്ച ചെങ്കൊടിയുയർത്തി മുദ്രാവാക്യങ്ങളുമായി ജനങ്ങളുടെ നീണ്ട നിരയാണ് കൊല്ലത്തും ആലപ്പുഴയിലും വി എസിനായി കാത്തുനിന്നത്. വി എസിനെ കാണാനായി ഏറെ ദൂരെ നിന്ന് വന്നവരുമുണ്ടായിരുന്നു.
ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും തിരുവമ്പാടി ജങ്ഷൻ, ജനറൽ ആശുപത്രി ജങ്ഷൻ, കലക്ടറേറ്റ് ജങ്ഷൻ, ആലപ്പുഴ ബീച്ച് വഴി റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തും. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിനു ശേഷം തിരുവമ്പാടി ജങ്ഷൻവഴി മൃതദേഹം വിലാപയാത്രയായി വൈകിട്ട് പോരാളികളുറങ്ങുന്ന വലിയ ചുടുകാട്ടിൽ എത്തിക്കും. ഇവിടങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായി. ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.