രാജ്യവ്യാപകമായി പണിമുടക്കുമുമായി വിവിധ തൊഴിലാളി സംഘടനകൾ മുന്നോട്ട് പോകുകയാണ്. രാജ്യമാകെ സ്തംഭിക്കുമെന്ന് പ്രഖ്യാപിച്ച പണിമുടക്കിന് കേരളമൊഴികെ ഒരു സംസ്ഥാനത്തും വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. പണിമുടക്ക് ഉത്സവമായി ആഘോഷിക്കുന്ന മലയാളികൾ കോഴിയെ വാങ്ങിയും കള്ള് വാങ്ങിയും ഏകദേശം ഉത്സവം കൊഴുപ്പിക്കുകയാണ്. ഇപ്പോഴിതാ പണിമുടക്ക് ആശംസ നേർന്ന് യുവാവിന്റെ കുറിപ്പാണ് വൈറലായിരിക്കുന്നത്.
എന്റെ ആപ്പീസിലെ ഒരുത്തൻ ഇന്നലെ ഉച്ചകഴിഞ്ഞപ്പോൾ മലർക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു .. ” സാർ , എനിക്കിത്തിരി നേരെത്തെ വീട്ടിലേക്ക് പോകണം പ്രൈവറ്റ് ബസ്സില്ലല്ലോ ….”ശരിയാണ്, ഇന്നലെ പ്രൈവറ്റ് ബസ്സുകാരുടെ വക പണി പൊതുജനത്തിന്റെ മേലെയായിരുന്നു.
വൈകീട്ട് ആപ്പീസിൽ നിന്നിറങ്ങിയ ഞാൻ വൈറ്റില ഗോൾഡ് സൂക്കിന്റെ അടുത്തുള്ള ‘ ബ്രിവറേജ് കട ‘ കണ്ടു. കിറു കൃത്യമായ നിരപ്പിടിച്ച് ലവലേശം ബഹളങ്ങളില്ലാതെ നിൽക്കുന്ന ജനാവലിയെ കണ്ടപ്പോൾ അറിയാതെ ബ്രേക്കിൽ കാല് ചവിട്ടി, വണ്ടി ഒതുക്കി ഞാനവരിൽ ഒരാളായി മാറി . പെട്ടെന്നാണ് ചാറ്റൽ മഴ വന്നത് . കുടയില്ലാതെ ക്യുവിൽ ‘ നിക്കണോ അതോ പോണോ ‘ എന്ന അവസ്ഥയിൽ നിന്നിരുന്ന എന്റെ അടുത്തേക്ക് ആപ്പീസിലെ സഹപ്രവർത്തകൻ ഒരു സഞ്ചിയും കുടയുമായി എവിടന്നോ വന്നു ….! ” സാറെ നനയണ്ടാ …’’. നേരെത്തെ വീട്ടിൽ പോയവൻ ബ്രിവറേജ് കടയിൽ നിന്നും ഇറങ്ങിവരുന്നതിന്റെ കാര്യകാരണം മനസ്സിലാക്കാവുന്നതേയുള്ളൂ …” സാറെ നാളെ പണിമുടക്കല്ലേ , കുറച്ച് കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട് ..അയിനാ .”
പെണ്ണുംപിള്ള ഫോണിൽവിളിച്ച് കോഴിയെ വാങ്ങാൻ പറയുന്നതുവരെ , മഴപെയ്യുന്ന തണുപ്പുള്ള സായം സന്ധ്യയിൽ വഴിവക്കിൽ പാർക്ക് ചെയ്ത കാറിലിരുന്ന് ഞങ്ങൾ രണ്ടുപേരും സോഡാവെള്ളം കുടിച്ചിട്ട് ‘ സോഷ്യലിസം’ എന്നതിനെക്കുറിച്ച് അടപടലം സംസാരിച്ചു പിരിഞ്ഞു. കോഴിക്കടയിൽ കടലാരവം പോലെയുള്ള ജനത്തിരക്ക് ..! കൊന്ന കോഴിയെ പൊതിയിലാക്കി ചെറിയ ചാറ്റൽമഴ നനഞ്ഞ് വീട്ടിൽ വന്നപ്പോഴേക്കും കഴിച്ച സോഡാ ഒരു ഏമ്പക്കത്തിന്റെ കൂടെ രാത്രിയുടെ മറവിൽ എവിടേക്കോ പോയിരുന്നു ..
” വർഷങ്ങളായി യുദ്ധമുഖത്ത് പലരെയും സേവിക്കുന്ന F 35 B എന്ന എനിക്കും സ്വപ്നങ്ങളുണ്ട് , അതിലൊന്നായിരുന്നു വെറുതെയിരുന്നുള്ള സമരം അഥവാ ‘ പണിമുടക്ക് ‘ .. കേരളത്തിൽ വന്നപ്പോഴായിരുന്നു അതിന്റെയൊരു ഗുട്ടൻസ് മനസ്സിലായത്, ഇനി ഞാൻ പൊളിക്കും ..” തിരു അനന്തന്റെ നാട്ടിൽ പണിമുടക്കി കിടക്കുന്ന അമേരിക്കൻ നിർമിത ബ്രിട്ടീഷ് വിമാനം പിറുപിറുക്കുന്നുണ്ടാകാം ..!
പണിമുടക്കുകൾക്ക് ഞാൻ എതിരല്ല . വിമർശിക്കാനും പണിമുടക്കാനും സമരങ്ങൾ ചെയ്യാനും നമ്മുടെ ഭരണഘടന ഭാരത്തിലെ ഓരോ പൗരനും മൗലികമായ അവകാശങ്ങൾ നൽകിയിട്ടുണ്ട് . പലരും പലതും നേടിയെടുത്തത് ത്യാഗോജ്വലമായ സമരങ്ങളിലൂടെയാണ്. പക്ഷെ പണിയെടുക്കാനും അവകാശമുണ്ടല്ലോ, ല്ലേ ? ഒരൽപം മഴ നനഞ്ഞതിനാൽ പനിയെന്ന വ്യാജേനെ ഞാനിന്ന് പണിക്കൊന്നും പോകാതെ വെറുതെ വീട്ടിലിരുന്ന്, ആറ്റുനോറ്റ് കിട്ടിയ പണിമുടക്ക് പൊളിക്കും .. !
എല്ലാർക്കും പണിമുടക്കാശംസകൾ …!
https://www.facebook.com/photo/?fbid=24146623808302292&set=a.459581630766509