മലപ്പുറം: ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്നായിരുന്നു നിലമ്പൂരിലെ ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിൽ എംവി ഗോവിന്ദൻ പ്രതികരിച്ചത്.
സിപിഎം നേതാക്കളുടെ മുൻ പ്രസ്‌താവനകൾ ഉയർത്തിയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാട്. മഅദനിയെ വർഗീയവാദി എന്നു വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിഡിപിയെ ന്യായീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ തള്ളിയുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി ചേർന്ന് പോകുന്ന സ്ഥിതിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Leave feedback about this