ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പച്ചടി പൊന്നുട്ടയില്‍ മറിയക്കുട്ടി (70), മകന്‍ റെജി (48) എന്നിവരെ ഈ മാസം ആദ്യം മുതല്‍ കാണാതായിരുന്നു. മേരിക്കുട്ടിയുടെയും റെജിയുടെയുമാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മറിയക്കുട്ടിയെയും റെജിയും കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസില്‍ മകളുടെ പരാതി ലഭിച്ചിരുന്നു. ഒമ്പതാം തിയ്യതി മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. കേസ് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്.
മറിയക്കുട്ടിയുടെ മറ്റൊരു മകനായ സജിയെ ഇന്നലെ വൈകീട്ട് മുതല്‍ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. മറിയക്കുട്ടിയെയും റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് സംശയിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ഇളയമകന്‍ സജിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.
