loginkerala World ട്രംപ് – പവൽ അഭിപ്രായ ഭിന്നത രൂക്ഷം; രാജിയാവശ്യം ആവർത്തിച്ച് ട്രംപ് ; ചുമതലയിൽ തുടരുമെന്ന് പവൽ
World

ട്രംപ് – പവൽ അഭിപ്രായ ഭിന്നത രൂക്ഷം; രാജിയാവശ്യം ആവർത്തിച്ച് ട്രംപ് ; ചുമതലയിൽ തുടരുമെന്ന് പവൽ

യു എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ രാജി ആവശ്യം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എത്രയും വേഗം രാജിവയ്‌ക്കണമെന്നാണ് നിലപാട്. ജെറോം പവൽ രാജിവയ്‌ക്കണമെന്ന് കഴി‍ഞ്ഞ ദിവസവും ട്രംപ് ആവശ്യപ്പെട്ടിരുന്നു. പലിശനിരക്ക് കുറച്ചുനിർത്തണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാൻ ജെറോം തയ്യാറായിരുന്നില്ല. സമ്പദ്‍സൂചികകളുടെ ദിശ കണക്കിലെടുത്ത് മാത്രമേ പലിശ കുറയ്ക്കൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പവൽ. ട്രംപിന്റെ രാജി ആവശ്യത്തെയും പവൽ തള്ളി. ട്രംപ് ആവശ്യപ്പെട്ടാലും രാജിവയ്‌ക്കില്ലെന്നും അങ്ങനെ രാജി ആവശ്യപ്പെടാനോ തന്നെ പുറത്താക്കാനോ യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്നും പവൽ വ്യക്തമാക്കി.

പവലിനെ മാറ്റി തന്റെ വിശ്വസ്തനെ ചുമതലയേൽപ്പിക്കാനുള്ള നീക്കത്തിലാണ് ട്രംപ്. നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ‌ കെവിൻ ഹാസെറ്റ്, ഫെഡറൽ റിസർവ് വൈസ് ചെയർമാൻ മിഷേൽ ബോമാൻ, ഫെഡിന്റെ മുൻ ഗവർണർ കെവിൻ വാർഷ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് ആദ്യ തവണ യുഎസ് പ്രസിഡന്റായിരിക്കെ 2017 നവംബറിലാണ് ജെറോം പവലിനെ ഫെഡറൽ റിസർവിന്റെ ചെയർമാനായി നിയമിച്ചത്. പവലും ട്രംപും തമ്മിൽ അക്കാലം മുതൽതന്നെ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. പലിശനിരക്ക് കുറയ്‌ക്കണമെന്ന ട്രംപിന്റെ ആവശ്യം മാനിക്കാതിരുന്ന പവലിനെ പുറത്താക്കാൻ തനിക്ക് അധികാരമുണ്ടെന്ന് കോവിഡ് കാലത്ത് ട്രംപ് പറഞ്ഞിരുന്നെങ്കിലും അന്ന് ഇക്കാര്യം അത്ര ഗൌരവത്തിൽ എടുത്തിരുന്നില്ല.

പിന്നീട് പ്രസിഡന്റ് ആയ ജോ ബൈഡൻ, യുഎസ് ഫെഡിൽ നിലനിർത്തിയ ഏക ട്രംപ് നോമിനിയായിരുന്നു ജെറോം പവൽ. ബൈഡൻ പുനർനിയമനം നൽകിയതോടെ, യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ കസേരയിൽ 2026 മേയ് വരെ പവലിന് പ്രവർത്തന കാലാവധി ലഭിച്ചു. യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ട്രംപിന്റെ സാമ്പത്തികനയങ്ങളെപ്പറ്റി ആശങ്കയുണ്ടായിരുന്നതിനാൽ 2024 ഡിസംബറിനു ശേഷം യുഎസ് ഫെഡ് പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. പലിശ കുറയ്ക്കാൻ അമേരിക്കൻ പ്രസിഡണ്ട് നിരന്തരം സമ്മർദം ചെലുത്തിയിട്ടും വഴങ്ങാത്ത പവലിനെ ട്രംപ് മണ്ടനെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.

Exit mobile version