തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇരുപതിനായിരത്തോളം അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30നുമാണു സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. വിജയിച്ച അംഗങ്ങള്‍ സത്യപ്രതിജ്ഞാദിനത്തില്‍ ഒപ്പിടുന്ന റജിസ്റ്റര്‍ തുടര്‍ന്നുള്ള ഭരണകാലത്ത് നിര്‍ണായകമാകും.
ണ്ടു റജിസ്റ്ററുകളിലാണു പ്രധാനമായും അംഗങ്ങള്‍ ഒപ്പിടുക. സത്യപ്രതിജ്ഞ റജിസ്റ്ററും കക്ഷിബന്ധ റജിസ്റ്ററും. ഇതില്‍ കക്ഷിബന്ധ റജിസ്റ്ററിലാണ് ഏതു രാഷ്ട്രീയമുന്നണിയുടെയോ പാര്‍ട്ടിയുടെയോ ഭാഗമാണെന്ന് അംഗങ്ങള്‍ വ്യക്തമാക്കുക. സ്വതന്ത്രരായി ജയിച്ചവരില്‍ ചിലരും രാഷ്ട്രീയകക്ഷികള്‍ക്ക് തുടക്കം മുതലേ പിന്തുണ രേഖാമൂലം പ്രഖ്യാപിക്കാറുണ്ട്. ഇങ്ങനെ രേഖാമൂലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അതത് പാര്‍ട്ടികളോ മുന്നണികളോ നല്‍കുന്ന വിപ്പ് അംഗങ്ങള്‍ക്കു പുറമേ സ്വതന്ത്രരും പാലിക്കാന്‍ ബാധ്യസ്ഥരാണ്.
കൂറുമാറ്റം സംബന്ധിച്ച പരാതികള്‍ വരുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കുന്ന പ്രധാന രേഖ കക്ഷിബന്ധ റജിസ്റ്ററാണ്. കോടതികളും ഇത് അംഗീകരിക്കാറുണ്ട്. 2020ലെ തിരഞ്ഞെടുപ്പിനു ശേഷം 63 അംഗങ്ങളെയാണു കമ്മിഷന്‍ കൂറുമാറ്റത്തിന്റെ പേരില്‍ അയോഗ്യരാക്കിയത്.
