തിരുവനന്തപുരം: എസ്‌ഐടി ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാകാര്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയില്ലെന്നും പ്രതികരിച്ച് അടൂര്‍ പ്രകാശ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെല്ലാം എസ്‌ഐടി ചോദിച്ചെന്നും സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി ചോദ്യം ചെയ്യുന്ന ആദ്യ കോണ്‍ഗ്രസ് നേതാവാണ് അടൂര്‍ പ്രകാശ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം. സ്വാഭാവികമായുള്ള ചോദ്യങ്ങളെല്ലാം അവര്‍ ചോദിച്ചു. അതിനുള്ള മറുപടി നല്‍കുകയും ചെയ്തു. താന്‍ പറഞ്ഞ മറുപടികളില്‍ അവ്യക്തതയുണ്ടോയെന്ന് തീരുമാനിക്കേണ്ടത് എസ്‌ഐടി ഉദ്യോഗസ്ഥരാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചു. ഉപ്പളയില്‍ നടന്ന മീറ്റിങ്ങിന് ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു അതനുസരിച്ചാണ് ഓഫീസില്‍ എത്തിയതെന്നും പറഞ്ഞു.
ഒരേസമയം അടൂര്‍ പ്രകാശിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ചോദ്യം ചെയ്യുന്ന നീക്കമാണ് എസ്‌ഐടി നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം ഈഞ്ചയ്ക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലും പിന്നീട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു എത്തിച്ചുമായിരുന്നു ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍ വിവരങ്ങളില്‍ നിന്നും നിരന്തരം പോറ്റിയുമായി ബന്ധപ്പെട്ട ഉന്നതരുടെ വിവരങ്ങള്‍ എസ്‌ഐടി ശേഖരിച്ചിരുന്നു. ഈ വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിച്ച ശേഷമാണ്എസ്‌ഐടിയുടെ പുതിയ നീക്കം.