രണ്ട് വര്‍ഷമായി നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ച യുഎസ് പ്രസിഡന്‍റിന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിക്കാന്‍ ഇസ്രയേല്‍. ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബന്ദികളാക്കപ്പെട്ടുകൊണ്ട് പോയവരെ തിരികെ കൊണ്ടുവന്നതും യുദ്ധം അവസാനിപ്പിച്ചതും ട്രംപിന്‍റെ മിടുക്കാണെന്നും ഹെര്‍സോഗ് വ്യക്തമാക്കി.സമാധാന ഉച്ചകോടിയ്ക്കായി ഈജിപ്തിലേക്ക് തിരിക്കും മുൻപായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇസ്രയേലിൽ വിമാനം ഇറങ്ങുന്ന ട്രംപ്, അവിടെ രാജ്യത്തിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്നായിരിക്കും ഈജിപ്തിലേക്ക് പോവുക. സമാധാന ഉച്ചകോടിയിൽ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ സമാധാന പദ്ധതിയെ പിന്തുണയ്ക്കാൻ ഒട്ടേറെ ലോകനേതാക്കളാണ് എത്തുന്നത്.
‘യുദ്ധം അവസാനിച്ചു. ഈ യാത്ര പ്രത്യേകതകളുള്ളതാണ്. ഈ നിമിഷത്തെക്കുറിച്ച് എല്ലാവരും വളരെ ആവേശത്തിലാണ്. ഇത് വളരെ സവിശേഷമായ സംഭവമാണ്.’’– ഡോണൾഡ് ട്രംപ് പറഞ്ഞു. ഗാസയിലെ വെടിനിർത്തൽ നിലനിൽക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനു നിലനിൽക്കുമെന്നും അവർ ക്ഷീണിതരാണെന്ന് താൻ കരുതുന്നു എന്നുമായിരുന്നു ട്രംപിന്റെ മറുപടി.