തിരുവനന്തപുരം: കപ്പൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അപകടകരമായ വസ്തുക്കൾ അടങ്ങിയ കാർഗോ അറബിക്കടലിൽ വീണു. കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.
കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ(എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.
മധ്യകേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യതയുള്ളത്. ഇത്തരത്തില്‍ സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തേക്ക് പോകരുത്. ഉടന്‍ പോലീസിലോ അല്ലെങ്കില്‍ 112ലോ വിളിച്ച് അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
എട്ട് കണ്ടെയ്നറുകളാണ് കടലിൽ വീണത്. അപകടരമായ ഗുഡ്സ്, എണ്ണ എന്നിവയാണ് കണ്ടെയ്നറിനുള്ളിലെന്നാണ് വിവരം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന ഒമ്പത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Leave feedback about this