തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അതിൽ തർക്കങ്ങൾക്കോ ആശയക്കുഴപ്പങ്ങൾക്കോ സ്ഥാനമില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ചെയർമാൻ തന്നെയാണ് തീരുമാനിക്കുന്നത്, അതിൽ സംശയം വേണ്ടയെന്ന് റോഷി അഗസ്റ്റിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി തീരുമാനിച്ചു എന്നല്ല, തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്. മാധ്യമങ്ങൾ ഭാവനയിൽ നിന്നും വിശദീകരിക്കുന്നതുകൊണ്ടാണ് തിരുത്തേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൈക്ക് തട്ടിപ്പറിക്കുകയല്ല ഉണ്ടായതെന്നും സഹോദരതുല്യരാണ് തങ്ങളെന്നും ആ സ്വാതന്ത്ര്യം റോഷി അഗസ്റ്റിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനലുകൾ നൽകുന്ന പല വാർത്തകളും സ്വന്തമായി നിർമ്മിക്കുന്ന നരേറ്റീവുകൾ മാത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. ഒരു പാർട്ടി അംഗം തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുപോലെ ഗൗരവകരമായ ചർച്ചയാക്കി മാറ്റേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
