loginkerala breaking-news ടീം വി.ഡി.എസ് സർക്കാർ അധികാരത്തിലേക്ക്; ജനസാ​ഗരമായി തലസ്ഥാനം
breaking-news Kerala

ടീം വി.ഡി.എസ് സർക്കാർ അധികാരത്തിലേക്ക്; ജനസാ​ഗരമായി തലസ്ഥാനം

തിരുവനന്തപുരം: ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിർത്തി കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്ങിനിറഞ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ മുമ്പാകെയാണ് സത്യവാചകം ചൊല്ലിയത്. ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

അടുത്തത് മന്ത്രിസഭയിലെ രണ്ടാമനായ മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഊഴമായിരുന്നു. അദ്ദേഹവും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. നാലാമതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ഊഴമായിരുന്നു. കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി​ ജോൺ, അനുപ് ജേക്കബ്, സി.പി. ജോൺ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവരാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ തെരുവിലിറങ്ങിയ ജനസഹസ്രങ്ങളുടെ തുടർച്ചപോലെഇന്നലെ ഉച്ചമുതൽ വൻ ജനപ്രവാഹത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടിന് ശേഷമുള്ള യു.ഡി.എഫ് മന്ത്രിസഭയുടെ കൊടിയേറ്റം ജനകീയതയുടെ മഹാവിളംബരമായി.

Exit mobile version