കൊച്ചി: തൃശൂരിലേക്കുളള യാത്രയ്ക്കിടെ കാലടി പാലത്തിലെ കുഴികള്‍ കാരണം വഴിയില്‍ കുടുങ്ങി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മന്ത്രിയെ കണ്ടതോടെ നാട്ടുകാരും റോഡിലെ കുഴികളെ കുറിച്ച് പരാതികളുമായി എത്തി. പിന്നെ ഒട്ടും വൈകിയില്ല, നേരെ ഫോണെടുത്ത് വിളിച്ചു തിരുവനന്തപുരത്തേക്ക്. പൊതുമരാമത്ത് സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിച്ച് ഉടന്‍ തന്നെ പരിഹാരമുണ്ടാക്കുമെന്ന ഉറപ്പും വാങ്ങിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
കനത്ത മഴ കാരണമുളള ഗതാഗതക്കുരുക്ക് പോരാഞ്ഞിട്ടാണ് കാലടി പാലത്തിലെ കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് വലിയ വെല്ലുവിളിയാകുന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കോട്ടയത്ത് നിന്ന് തൃശൂരിലേക്കുളള യാത്രാമധ്യേ സുരേഷ് ഗോപി ഇവിടെ എത്തിയത്. പാലത്തില്‍ കയറിയ വാഹനം മുന്നോട്ട് നീങ്ങാന്‍ സാധിക്കാതെ കിടപ്പിലായി. ഇതോടെ അദ്ദേഹത്തിന് ഒപ്പമുളളവര്‍ കനത്ത മഴയിലും വാഹനത്തിന് പുറത്തേക്ക് ഇറങ്ങി വഴിയൊരുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മന്ത്രി തന്നെ വാഹനത്തിന് പുറത്തേക്ക് ഇറങ്ങി റോഡിന്റെ സ്ഥിതി പരിശോധിക്കുകയായിരുന്നു.
സുരേഷ് ഗോപിയെ കണ്ടതോടെ ഡ്രൈവര്‍മാര്‍ അടക്കം റോഡില്‍ കുരുങ്ങിക്കിടക്കുന്ന ആളുകള്‍ പരാതികളുമായി എത്തി. ബന്ധപ്പെട്ട എംഎല്‍എയ്ക്കും എംപിയായ ബെന്നി ബെഹനാന്‍ അടക്കമുളളവര്‍ക്കും കത്ത് കൊടുത്തും പറഞ്ഞും മടുത്തുവെന്ന് ഒരു സ്വകാര്യ ബസ് ഡ്രൈവര്‍ സുരേഷ് ഗോപിയോട് പറഞ്ഞു. ഒരാഴ്ചയായി ഇത് വഴി പോകുന്ന സ്വകാര്യ ബസ്സുകാരും സാധാരണക്കാരും കഷ്ടപ്പെടുകയാണ്. റോഡ് ഈ രീതിയില്‍ ആകാതിരിക്കാന്‍ വേണ്ടി മഴ വരുന്നതിന് മുന്‍പ് തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആരും തിരിഞ്ഞ് നോക്കുന്നില്ല എന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് പരാതിപ്പെട്ടു.
തുടര്‍ന്ന് സുരേഷ് ഗോപി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ വിളിച്ച് കാര്യം പറഞ്ഞു. കാലടി ഭാഗത്തുളള പാലത്തില്‍ നാട്ടുകാരും മീഡിയയും അടക്കം ആവശ്യപ്പെട്ട പ്രകാരം ഇറങ്ങി നില്‍ക്കുകയാണെന്നും പാലത്തിലെ ബള്‍ജുകള്‍ ഷേവ് ചെയ്ത് കൊടുക്കണമെന്നും ഇപ്പോള്‍ തന്നെ അതിനായി ആളെ വിടണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു
Leave feedback about this