ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനിൽ (നാസ) നിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ ജീവയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽനിന്ന് പടിയിറങ്ങുന്നത്.
2006 ഡിസംബറിൽ STS-116 ദൗത്യത്തിന്റെ ഭാഗമായി ഡിസ്‌കവറി സ്‌പേസ് ഷട്ടിലിൽ സുനിത ആദ്യമായി ബഹിരാകാശത്തേക്ക് പോയി. STS-117 സംഘത്തോടൊപ്പം സ്‌പേസ് ഷട്ടിൽ അറ്റ്‌ലാന്റിസിൽ തിരിച്ചെത്തി. ഈ ദൗത്യത്തിൽ സുനിത ഫ്‌ളൈറ്റ് എഞ്ചിനിയറായാണ് പ്രവർത്തിച്ചത്.
2012-ൽ കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് 127 ദിവസത്തെ എക്‌സ്‌പെഡിഷൻ 32/33 ദൗത്യത്തിന്റെ ഭാഗമായി അവർ രണ്ടാമതും ബഹിരാകാശത്തേക്ക് പോയി. എക്‌സ്‌പെഡിഷൻ 33-ൽ അവർ ബഹിരാകാശ നിലയത്തിന്റെ കമാൻഡറായും പ്രവർത്തിച്ചു.
2024 ജൂണിൽ നാസയുടെ ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി വില്യംസും വിൽമോറും സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ യാത്രതിരച്ചു. എക്‌സ്‌പെഡിഷൻ 72-ൽ വില്യംസ് വീണ്ടും ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി. ഈ ദൗത്യത്തിൽ അവർ രണ്ട് സ്‌പേസ് വാക്ക് പൂർത്തിയാക്കി. 2025 മാർച്ചിൽ ഏജൻസിയുടെ സ്‌പേസ്എക്‌സ് ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലേക്ക് തിരിച്ചെത്തി.
