ആലപ്പുഴ : ആലപ്പുഴയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ് ചിറയില്‍ കാര്‍ത്യായനിയാണ് (81) മരിച്ചത് . മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവനായ ആക്രമിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം . മകന്‍ പ്രകാശന്റെ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാര്‍ത്യായനി . മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവര്‍ കാണുമ്പോഴേക്കും നായ കാര്‍ത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്.
മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.